കൊവിഡ് വ്യാപനം; സിപിഎം തിരുവനന്തപുരം,​ കോട്ടയം ജില്ലാ സമ്മേളനങ്ങളിലെ പൊതുസമ്മേളനം ഒഴിവാക്കി

Friday 14 January 2022 7:44 PM IST

തിരുവനന്തപുരം : സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കി. നാളെ നടത്താനിരുന്ന പൊതുസമ്മേളനമാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതിനെ തുടര്‍ന്നാണ് പൊതു സമ്മേളനം ഒഴിവാക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

പൊതു സമ്മേളനത്തിന് പകരം വിര്‍ച്ച്വല്‍ സമ്മേളനം സംഘടിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നടക്കുന്ന ജയമഹേഷ് ഓഡിറ്റോറിയത്തിലാണ് വിര്‍ച്ച്വല്‍ സമ്മേളനം നടക്കുക. ഓണ്‍ലൈനിലൂടെയുള്ള സമ്മേളനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. . സംസ്ഥാന നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിനായിരിക്കും വിര്‍ച്ച്വല്‍ സമ്മേളനം.2500 കേന്ദ്രങളിൽ പ്രവർത്തകർ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും. കോട്ടയത്തെ പൊതുസമ്മേളനവും മാറ്റിയിട്ടുണ്ട്. . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടി.പി.ആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുുദായിക-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതിൽ രാഷ്ട്രീയപരിപാടികളുടെ ഉൾപ്പെടുത്തിയില്ലായിരുന്നു. സി.പി.എം സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുസമ്മേളനങ്ങള്‍ മാറ്റിയത്.