സ്വർണ്ണം വാങ്ങുന്നവർക്ക് സമൻസ്: അംഗീകരിക്കില്ലെന്ന് എ.കെ.ജി.എസ്.എം.എ

Saturday 15 January 2022 3:56 AM IST

 ഏത് സാഹചര്യത്തിലാണ് സമൻസ് അയയ്ക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം

 സമൻസ് അയയ്ക്കുന്നത് അടിയന്തരമായി നിറുത്തിവയ്ക്കണം

കൊച്ചി: സ്വർണ്ണം വാങ്ങിയെന്ന പേരിൽ ഉപഭോക്താക്കൾക്ക് ഐ.പി.സി വകുപ്പുകൾ പ്രകാരം സമൻസ് അയയ്ക്കുന്ന ജി.എസ്.ടി വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

നികുതി വർദ്ധിപ്പിക്കാനായി വ്യാപാര സമൂഹത്തെ ദ്രോഹിച്ചശേഷം ഉപഭോക്താക്കളെ കൂടി അതിന്റെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. ഉപഭോക്താക്കൾക്കുമേൽ ഒരിക്കലും എടുക്കരുതാത്ത വകുപ്പുകളാണ് ജി.എസ്.ടി വകുപ്പ് അടിച്ചേൽപ്പിക്കുന്നത്. ജി.എസ്.ടി രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് ഇത്തരത്തിൽ സമൻസ് അയയ്ക്കുന്നത് അന്വേഷണത്തിന്റെ എല്ലാ സാദ്ധ്യതകളും അടഞ്ഞ് അവസാനമായിരിക്കണമെന്ന വ്യവസ്ഥയും ജി.എസ്.ടി ഉദ്യോഗസ്ഥർ ലംഘിച്ചു.

സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവരെക്കൂടി ഭീഷണിപ്പെടുത്തി വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കാനുള്ള ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. ഏത് സാഹചര്യത്തിലാണ് ഇത്തരം സമൻസുകൾ അയയ്ക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. സമൻസ് അയയ്ക്കുന്നത് അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽനാസർ എന്നിവർ ആവശ്യപ്പെട്ടു.

Advertisement
Advertisement