നിരാശയോടെ മുഖം മറച്ച് അകത്തിരിക്കില്ല,​ ഇനി പോരാട്ടം,​ അതിജീവിത പൊതുസമൂഹ മദ്ധ്യത്തിലേക്ക്

Friday 14 January 2022 10:54 PM IST

തിരുവനന്തപുരം : ലൈംഗീകമായി പീഡിപ്പിച്ചെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നു. സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് അതിജീവിത പോരാട്ടവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയത്. വളരെ തകര്‍ന്ന അവസ്ഥയിലാണ് അതിജീവിതയുള്ളതെന്നും എന്നാല്‍ അവര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദര്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു.

അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കുമെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. സിസ്റ്റര്‍ ഇനി മുഖം മറച്ച് വാതില്‍ അടച്ച് അകത്തിരിക്കില്ല. നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനം. ഇന്ന് നേരില്‍ കാണവെ സിസ്റ്റര്‍ ഇരയല്ലെന്ന് ആവര്‍ത്തിച്ച് തങ്ങള്‍ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ് മനസ്സിലാക്കിയതെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡിഷണൽ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.