വിദേശിയുടെ മദ്യം ഒഴുക്കിയ കേസിൽ എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

Saturday 15 January 2022 1:48 AM IST

തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരൻ സ്​റ്റീഫൻ ആസ്‌ബെർഗിനെ (68) അവഹേളിക്കുകയും ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം ഒഴുക്കികളയാൻ നിർദ്ദേശിക്കുകയും ചെയ്തതിന് കോവളം സ്​റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ ഷാജിയെ സസ്പെൻഡ് ചെയ്തത് പിൻവലിച്ചു. വിരമിക്കാൻ നാലുമാസം മാത്രമുള്ള ഷാജിയെ മാനുഷിക പരിഗണനയിലാണ് തിരിച്ചെടുത്തത്. എസ്.ഐയ്ക്കും പൊലീസുകാർക്കുമെതിരായ അച്ചടക്ക, വകുപ്പുതല നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജ്ജൻകുമാ‌ർ പറഞ്ഞു.

പുതുവർഷത്തലേന്ന് ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി സ്‌കൂട്ടറിൽ പോയപ്പോഴാണ് സ്വീഡിഷ് പൗരനെ തടഞ്ഞ് മദ്യം വഴിയിൽ ഒഴുക്കാൻ പൊലീസ് നിർബന്ധിച്ചത്. ഇതിൽ പൊലീസിന് വീഴ്ച ഇല്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായ സർക്കാരിനെ അറിയിച്ചത്.

മുഖ്യമന്ത്റി പിണറായി വിജയൻ, പൊലീസ് മേധാവി അനിൽകാന്തിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്. ടൂറിസം മേഖയ്ക്ക് തിരിച്ചടിയാകാവുന്ന സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈയിലുള്ളതെന്ന് അറിഞ്ഞിട്ടും ഇദ്ദേഹത്തെ തടഞ്ഞുവച്ചത് പൊലീസിന്റെ ഗുരുതര പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഹോളോഗ്രാം മുദ്ര‌യുള്ള മദ്യം ബിവറേജസിലേതാണെന്ന് തിരിച്ചറിയാനുള്ള സമാന്യബുദ്ധി പൊലീസ് കാട്ടിയില്ല.

താൻ കുറ്രം ചെയ്തില്ലെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും കാട്ടി എസ്.ഐ ഷാജി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ബീച്ചിലേക്ക് മദ്യവുമായി ആരെയും വിടരുതെന്ന നിർദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് എസ്.ഐയുടെ വിശദീകരണം.

Advertisement
Advertisement