തലസ്ഥാനത്ത് സി പി എം സമ്മേളന പ്രതിനിധികളിൽ രണ്ട് പേർക്ക് കൊവിഡ്, ജില്ലയിൽ പൊതുചടങ്ങുകൾ നിരോധിച്ചിട്ടും സമ്മേളനം തുടരുന്നതിനെതിരെ കളക്ടർക്ക് പരാതി
തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിലാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച 17,755 പേരിൽ 4694 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ കളക്ടർ തിരുവനന്തപുരത്തെ പൊതുയോഗങ്ങളും ഒത്തുച്ചേരലുകളും കർശനമായി നിരോധിച്ചിരുന്നു. എന്നാൽ കളക്ടറിന്റെ ഈ ഉത്തരവ് ബാധകമല്ലെന്ന തരത്തിൽ സി പി എമ്മിന്റെ പ്രതിനിധി സമ്മേളനം മുടക്കം കൂടാതെ നടന്നു. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനായി നടത്തുന്നത്.
ഇതിനിടെ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എം എൽ എക്കും ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സമ്മേളനം നടത്തുന്നതിനെതിരെ രൂക്ഷമായ പ്രതിഷേധവും ഉയർന്നു.
സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടി എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഡി സി സി വൈസ് പ്രസിഡന്റ് എം.മുനീർ കലക്ടർക്ക് പരാതി നൽകി.