ആലുവയിൽ വരുന്നു വമ്പൻ കുടിവെള്ള പദ്ധതി

Sunday 16 January 2022 1:13 AM IST

കൊച്ചി: 2050 വരെയുള്ള ശുദ്ധജല ആവശ്യം കണക്കിലെടുത്ത് ആലുവയിൽ പുതിയ 143 എം.എൽ.ഡി പ്ലാന്റ് ആരംഭിക്കുന്നു. പുതിയ പ്ലാന്റ് റെഡിയായാൽ എറണാകുളത്തെ ജല ദൗർലഭ്യത്തിന് അറുതി വരും. പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചതായി ജല അതോറിട്ടി അധികൃതർ അറിയിച്ചു.

 180 കോടിയുടെ പദ്ധതി

180 കോടി രൂപയുടേതാണ് പദ്ധതി. ആദ്യ ഗഡുവായി 50 കോടി രൂപ 2019ൽ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. രണ്ടാംഘട്ടമായി 130 കോടി രൂപയുടെ ഭരണാനുമാതി 2021 സെപ്തംബറിൽ ലഭിച്ചു.

രണ്ടാം ഘട്ടമായി ലഭിക്കുന്ന തുക ഉപയോഗിച്ച് ജല ശുദ്ധീകരണ ശാലയുടെയും ആലുവ നഗരസഭയിലേക്കും പ്ലാന്റിന് അടുത്തുള്ള പഞ്ചായത്തുകളിലേക്കും ആവശ്യമായ പമ്പിംഗ് ലൈനുകളുടെയും പ്രവർത്തനങ്ങൾ നടത്തും. 13ന് ജല അതോറിട്ടി അധികൃതർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ലഭിച്ച 50 കോടിയിൽ ബാക്കിയുള്ള തുക ഉപയോഗിച്ച് എം.എൽ.ഡി പ്ലാന്റിലേക്ക് പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ വേണ്ടിയുള്ള കിണറും പമ്പ് ഹൗസും പമ്പിംഗ് ലൈനുകളും ഏർപ്പാടാക്കുമെന്നും അധികൃതർ അറിയിച്ചു.

പദ്ധതി 2024ൽ പൂർത്തിയാക്കാനാണ് ജല അതോറിട്ടിയുടെ നീക്കം. 143 എം.ൽ.ഇ.ഡി പ്ലാന്റ് പൂർത്തിയായി കഴിഞ്ഞാൽ ഉടൻ തന്നെ 30 എം.എൽ.ഡിയിലധികം ശുദ്ധജലം എറണാകുളം ഭാഗത്ത് എത്തും. പ്ലാന്റ് വരുന്നതോടെ കൊച്ചി കോർപ്പറേഷൻ, ആലുവ, കളമശേരി, തൃക്കാക്കര, ഏലൂർ നഗരസഭകളിലേക്കും കുമ്പളം, കുമ്പളങ്ങി, ചെല്ലാനം തുടങ്ങി 13 പഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തും.

നിലവിൽ നാലു പ്ലാന്റുകൾ

ആലുവയിൽ നിലവിൽ 48, 72, 70, 35 എം.എൽ.ഡി സംഭരണശേഷിയുള്ള നാലു പ്ലാന്റുകളാണ് ഉള്ളത്. ഈ പ്ലാന്റുകളുടെയെല്ലാം പകുതി സംഭരണശേഷിയുള്ള പുതിയ പ്ലാന്റുകൂടി എത്തുമ്പോൾ ജലദൗർലഭ്യം ഇല്ലാതാകും.

• നിലവിലെ ശേഷി (പ്രതിദിനം)

295 ദശലക്ഷം ലിറ്റർ

• പുതിയ പ്ളാന്റ് കൂടി വന്നാൽ

438 ദശലക്ഷം ലിറ്റർ

Advertisement
Advertisement