പഞ്ചായത്തുകളെ കുഴിയിലാക്കി മാവേലിസ്റ്റോർ മാസവാടക

Sunday 16 January 2022 2:02 AM IST

കൊല്ലം: മാവേലി സ്​റ്റോറുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇരുട്ടിയായെന്ന്, വരുമാനം കുറവുള്ള ഭരണസിമിതികൾ. സ്വന്തം കെട്ടിടമുള്ളതും വരുമാനവുമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനം ആഘാതമാവില്ലെങ്കിലും മറ്റുള്ളവർ വല്ലാതെ ബുദ്ധിമുട്ടും.

നിലവിൽ സപ്ളൈകോയാണ് സ്വകാര്യ കെട്ടിടങ്ങളിലെ മാവേലി സ്റ്റോറുകളുടെ വാടക നൽകുന്നത്. വരുമാനമുള്ള പഞ്ചായത്തുകൾ ഒന്നിലേറെ സ്റ്റോറുകൾ നടത്തുന്നുണ്ട്. പക്ഷേ, ഒന്നിന്റെ വാടക മാത്രമേ സപ്ളൈകോ നൽകുകയുള്ളൂ. കഴിഞ്ഞ 12ന് തിരുവനന്തപുരത്താണ് വകുപ്പു മന്ത്രി എം.വി. ഗോവിന്ദൻ വാടകയിലെ നയംമാറ്റം പ്രഖ്യാപിച്ചത്. വരുമാനം കുറഞ്ഞ പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ വാണിജ്യ കെട്ടിടങ്ങളുണ്ടെങ്കിൽ അവ മിനുക്കിയെടുത്ത് ബാദ്ധ്യതയിൽ ആശ്വാസം കണ്ടെത്താൻ കഴിയും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പകുതിയിലധികവും തനത് വരുമാനം കുറഞ്ഞവയാണ്. വാടകയ്ക്ക് നൽകി വരുമാനം വർദ്ധിപ്പിക്കാൻ എം.എൽ.എ ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകൾ വാങ്ങി ഇത്തരം ചില സ്ഥാപനങ്ങൾ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നിലവിൽ സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ വാടക ഒഴിവാക്കാനായി പഞ്ചായത്തുവക കെട്ടിടങ്ങളിലേക്കു മാറ്റുമ്പോൾ, ആ മുറിയിലൂടെ പഞ്ചായത്തിനു ലഭിച്ചിരുന്ന വരുമാനം നഷ്ടമാവും.

# പഞ്ചായത്തുതല സമിതി

സപ്ലൈകോയുമായി ചർച്ച ചെയ്ത് വാടക, പ്രവർത്തനം എന്നിവ തീരുമാനിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും സപ്ലൈകോ ഡിപ്പോ മാനേജർ കൺവീനറുമായുള്ള പഞ്ചായത്ത് തല സമിതി രൂപീകരിക്കും. മാവേലി സ്​റ്റോർ പ്രവർത്തിക്കുന്ന വാർഡിലെ അംഗവും ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സണും സപ്ലൈകോ ജൂനിയർ മാനേജർ, മാവേലി സ്​റ്റോർ മാനേജർ എന്നിവരും പഞ്ചായത്ത് സമിതിയിലുണ്ടാവും. തദ്ദേശസ്ഥാപനങ്ങൾ വാടക നൽകുന്നവയുടെ മാത്രം പ്രവർത്തനം കാര്യക്ഷമവും ജനകീയവുമാക്കാൻ സമിതി ഇടപെടൽ നടത്തും.

# ബാദ്ധ്യതയാവും വാടക

 വാടക ചതുശ്ര അടിക്ക് ഗ്രാമങ്ങളിൽ 14- 16രൂപ, നഗരങ്ങളിൽ 20-25 രൂപ

 പുതിയതാവുമ്പോൾ കെട്ടിട ഉടമയുമായി 15 വർഷത്തേക്ക് വാടകക്കരാർ

 ഓരോ 3 വർഷവും 15 ശതമാനം വാടക വർദ്ധന

 എല്ലാ മാസവും 10ന് മുൻപ് വാടക തുക കെട്ടിടഉടമയുടെ ബാങ്ക് അക്കൗണ്ടിൽ

# ഗുണവും ദോഷവും

 സ്വന്തം കെട്ടിടമുള്ള പഞ്ചായത്തുകൾക്ക് ഗുണകരം

 വാടക ബാദ്ധ്യത ഏറ്റെടുക്കുന്ന പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളുടെയും സംരംഭങ്ങളുടെയും ഉത്പന്നങ്ങൾ മാവേലി സ്റ്റോറിലൂടെ വിൽക്കാം

 താത്കാലിക ജീവനക്കാരെ കുടുംബശ്രീ സി.ഡിഎസുകൾ മുഖേന തിരഞ്ഞെടുക്കും

 വാടക സപ്ലൈകോ നൽകുന്ന സ്റ്റോറുകളിൽ ഇതൊന്നും ഉണ്ടാവില്ല

....................................

# ഫർണിഷിംഗ് സപ്ളൈകോയുടേത്

 ഒന്നിലധികം സ്റ്റോറുകൾ ആവശ്യപ്പെട്ടാൽ വാടക തദ്ദേശസ്ഥാപനത്തിന്റെ ചുമതല

 സ്റ്റോർ തുടങ്ങുന്നതിന് മുൻപായി ഒരു ലക്ഷം രൂപ സപ്ലൈകോയ്ക്ക് നൽകണം

 4 മുതൽ 6 ലക്ഷം രൂപവരെ ചെലവിൽ ഫർണിഷിംഗ്‌ സപ്ലൈകോ നടത്തും

Advertisement
Advertisement