സ്കൂൾപൂട്ടൽ മുൻകരുതൽ: മന്ത്രി വി. ശിവൻകുട്ടി

Sunday 16 January 2022 12:00 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ കാര്യമായ കൊവിഡ് രോഗവ്യാപനം ഇല്ലെന്നും ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾ രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കുന്നത് മുൻകരുതൽ എന്ന നിലയിലാണെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ സുരക്ഷയാണ് സർക്കാറിന് പ്രധാനം. ഡിജിറ്റൽ ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിക്കും. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീട്ടിലിരുന്ന് ക്ളാസ് അറ്റൻഡ് ചെയ്യുക.

ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിൽ വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും. വാക്സിനേഷൻ കണക്കുകൾ സ്‌കൂൾ തലത്തിൽ തന്നെ അപ്‌ഡേറ്റ് ചെയ്യാൻ കൈറ്റ് വിക്ടേഴ്സ് പുതിയ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

#സി.ബി.എസ്.ഇ സ്കൂളും

ഓൺലൈനിലേക്ക്

കൊച്ചി: ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകൾ പൂർണമായും ഓൺലൈൻ ആക്കുമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു. കൗൺസിൽ കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് 21 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.

10, 11, 12 ക്ലാസുകളിലെ കുട്ടികൾ എല്ലാവരും വാക്സിൻ എടുത്തിരിക്കണമെന്ന നിർദ്ദേശം രക്ഷാകർത്താക്കൾക്ക് നൽകിയിട്ടുണ്ട്. എല്ലാ സ്കൂളുകളും 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കണം.

Advertisement
Advertisement