ഹൈക്കോടതി തിങ്കളാഴ്ച മുതൽ പൂർണ്ണമായും ഓൺലൈൻ സിറ്റിംഗിലേക്ക് മാറും

Sunday 16 January 2022 12:00 AM IST

കൊച്ചി: കേരള ഹൈക്കോടതി തിങ്കളാഴ്ചമുതൽ വീണ്ടും പൂർണ്ണമായും ഓൺലൈൻ സിറ്റിംഗിലേക്ക് മാറും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മുഴുവൻ ബെഞ്ചുകളിലും വീഡിയോ കോൺഫറൻസിംഗ് മുഖേന കേസുകൾ പരിഗണിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോടതിമുറിയിൽ കക്ഷികളുടെ അഭിഭാഷകർ നേരിട്ട് ഹാജരായി വാദം നടത്തേണ്ട കേസുകളുടെ കാര്യത്തിൽ അതത് ജഡ്‌ജിമാർ തീരുമാനമെടുക്കും. പൊതുജനങ്ങൾക്ക് കോടതിയിൽ പ്രവേശനമുണ്ടാവില്ല. ഹൈക്കോടതി ജീവനക്കാർ ഹാജരാകുന്ന കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തും. ഫെബ്രുവരി 11വരെ ഈ നില തുടരും. ഓൺലൈൻ സിറ്റിംഗ് തുടരുന്ന കാര്യം അന്ന് പുനപ്പരിശോധിക്കും.

കൊവിഡ് വ്യാപനത്തെത്തുടർന്ന് നേരത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ ഹൈക്കോടതി പൂർണ്ണമായും ഓൺലൈൻ സിറ്റിംഗിലേക്ക് മാറിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ഓൺലൈൻ സിറ്റിംഗിനൊപ്പം കോടതിമുറിയിൽ നേരിട്ട് വാദംകേൾക്കുന്ന ഹൈബ്രിഡ് രീതി സ്വീകരിച്ചത്. കടലാസുരഹിത കോടതിയാക്കുന്നതിന്റെ ഭാഗമായി ഹർജികൾ ഓൺലൈനായി ഫയൽചെയ്യുന്ന രീതിയാണ് ഹൈക്കോടതിയിൽ നിലവിലുള്ളത്. ഇതിനുപുറമേ നേരിട്ട് ഹർജികൾ സമർപ്പിക്കാനും നിലവിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

Advertisement
Advertisement