റസ്റ്റോറന്റുകൾക്കും ബേക്കറി യൂണിറ്റുകൾക്കും ഗ്രേഡിംഗ് സംവിധാനം

Saturday 15 January 2022 10:47 PM IST

പാലക്കാട്: റസ്റ്റോറന്റുകൾക്കും ബേക്കറി യൂണിറ്റുകൾക്കും ഗ്രേഡിംഗുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. 'ഹൈജീൻ റേറ്റിംഗ് ' എന്ന പേരിൽ നടപ്പാക്കുന്ന സംവിധാനം വഴി ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയുടെ നിലവാരവും ഭക്ഷ്യസുരക്ഷാ സംവിധാനവും പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി പ്രസിദ്ധപ്പെടുത്തും. ഉന്നതനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് അഞ്ച് സ്റ്റാർ ഗ്രേഡിംഗ് നൽകും. അതിനു താഴെ നാല്, മൂന്ന് എന്നിങ്ങനെ തരംതിരിച്ച് നൽകും. സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും. ഒരു ഉപഭോക്താവിന് ആവശ്യമായ ഗ്രേഡിംഗ് സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ ഇത് സഹായകമാകും.

ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുള്ള ഏജൻസികളാണ് ഹൈജീൻ അംഗീകാരം നടത്തുന്നത്. സ്ഥാപനങ്ങളുടെ ശുചിത്വനിലവാരം, വസ്തുക്കളുടെ സ്റ്റോറേജ് സംവിധാനം, അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ, നിർദ്ദിഷ്ട കാലയളവുകളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധന, റെക്കാഡുകൾ സൂക്ഷിക്കുന്നതിലെ കൃത്യത എന്നിവ വിലയിരുത്തിയാണ് മാർക്ക് നൽകുക. ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് ഹൈജീൻ റേറ്റിംഗിന് അപേക്ഷിക്കാം.

ജില്ലയിൽ നിന്നും ആദ്യഘട്ടത്തിൽ ആറ് സ്ഥാപനങ്ങക്ക് ഹൈജീൻ റേറ്റിംഗ് നടപ്പാക്കും.

- വി.കെ. പ്രദീപ് കുമാർ, അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ, പാലക്കാട്.

Advertisement
Advertisement