സിൽവർ ലൈനിൽ വേഗം 200 കി.മീറ്റ‌‌ർ

Sunday 16 January 2022 1:49 AM IST

-- ചരക്കുലോറിക്ക് 120 കി.മീറ്റർ

-- 9 ആരാധനാലയം പൊളിക്കണം

തിരുവനന്തപുരം: സിൽവർ ലൈനിൽ യാത്രാ ട്രെയിനുകളുടെ പരമാവധി വേഗം 200, ചരക്കു വാഹനങ്ങൾ കൊണ്ടുപോകുന്ന റോ റോ സർവീസിന്റേത് 120 കിലോമീറ്ററായിരിക്കും. 22.5 ടണ്ണാണ് റോ റോയുടെ ആക്സിൽ ലോഡ്. യാത്രാ ട്രെയിനുകളുടേത് 16 ടണ്ണും.

വൈദ്യുതിയിലോടുന്ന ട്രെയിനുകളാണ്. ഇതിന് കെ.എസ്.ഇ.ബിയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പോത്തൻകോട്, കുണ്ടറ, കോട്ടയം, അങ്കമാലി, കുന്നംകുളം, ചേവായൂർ, ചൊവ്വ, അമ്പലത്തറ എന്നിവിടങ്ങളിൽ ഗ്രിഡ് സ്റ്റേഷനുകളുണ്ട്.

സിൽവർലൈൻ പാതയിൽ 11.528 കിലോ മീറ്ററിൽ ടണൽ, 12.991കിലോ മീറ്ററിൽ പാലങ്ങൾ, 88.412ൽ ആർച്ചുകൾ, 292.728ൽ മൺതിട്ടകൾ (എംബാങ്ക്മെന്റുകൾ), 101.78ൽ കട്ടിംഗ്, 24.789ൽ കട്ട് ആൻഡ് കവർ എന്നിവ വേണ്ടിവരും. 100 വർഷത്തിനിടയിലെ ഉയർന്ന പ്രളയനിരപ്പിൽ നിന്ന് ഒരുമീറ്റർ ഉയരത്തിലായിരിക്കും പാലങ്ങൾ. ക്ഷേത്രങ്ങളും പള്ളികളുമടക്കം 9 ആരാധനാലയങ്ങൾ പൊളിച്ചുനീക്കേണ്ടി വരും.

റോഡുകൾ മുറിച്ചുകടക്കുന്നിടത്ത് സബ്‌വേകളും ഹൈവകളിൽ പാലങ്ങളുമാണ് പരിഗണനയിൽ. തിരുവനന്തപുരം- കൊല്ലം പാതയിൽ നാലിടത്ത് ദേശീയപാത 544 മുറിച്ചുകടക്കുന്നുണ്ട്. റെയിൽവേ ക്രോസിംഗുള്ളിടത്താണ് കട്ട് ആൻഡ് കവർ ഉപയോഗിക്കുക. കൊല്ലം- പുനലൂർ ലൈനിൽ കുണ്ടറയിലും ഷൊർണൂർ- മംഗളൂരു ലൈനിൽ കാസർകോട്ടും കട്ട് ആൻ‌ഡ് കവർ വേണ്ടിവരും. കൊല്ലം- മധുര ദേശീയപാത, കൊല്ലം- ചെങ്ങന്നൂർ എം.സി റോഡ് എന്നിവയെ സിൽവർ ലൈൻ മുറിച്ചുകടക്കും.

തിരു. വിമാനത്താവളത്തിലേക്കും

ഭാവിയിൽ കണക്ടിവിറ്റി

തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഭാവിയിൽ കണക്ടിവിറ്റിയുണ്ടാവും. ഇപ്പോൾ കൊച്ചുവേളിയിലാണ് സ്റ്റേഷൻ. കൊച്ചി വിമാനത്താവള സ്റ്റേഷൻ എയർ പോർട്ടിനടുത്താണ്. വിമാനത്താവളത്തിൽ നിന്ന് ഫീഡർ സർവീസുകളുണ്ടാവും. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ സിൽവർലൈൻ അലൈൻമെന്റിന് അകലെയാണ്. കൊച്ചി മെട്രോ ഫേസ് 2 കാക്കനാട് സ്റ്റേഷൻ സിൽവർ ലൈനിന്റെ എറണാകുളം സ്റ്റേഷനാവും. കോഴിക്കോട് ലൈറ്റ് മെട്രോ നിർദ്ദിഷ്ട സ്റ്റേഷനടുത്താണ് സിൽവർ ലൈൻ സ്റ്റേഷനും.

Advertisement
Advertisement