വാഹന   പരിശോധനയ്ക്കിടെ   എസ്  ഐയെ  തല്ലി, ഒടുവിൽ  ലോക്കപ്പും  തകർത്തു,  വെഞ്ഞാറമൂട്  പൊലീസിനെ  വിറപ്പിച്ച പ്രതിയെ  പിടികൂടിയത്   ഇരട്ട കൊലപാതകം  നടന്ന  സ്ഥലത്തിന്  സമീപത്തുനിന്ന്

Sunday 16 January 2022 11:16 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് എസ് ഐയ്ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ ആക്രമണം ഉണ്ടായത്.

സംഭവത്തെ തുടർന്ന് തേമ്പാംമൂട് സ്വദേശി റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയോടെ എസ് ഐയും സംഘവും വാഹന പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം തേമ്പാമൂട് ഭാഗത്തേക്ക് പോകവേ വഴിയരികിൽ ദുരൂഹ സാഹചര്യത്തിൽ ഡോർ തുറന്ന നിലയിൽ ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടു. അസ്വാഭാവികത തോന്നിയ പൊലീസ് സമീപപ്രദേശത്ത് ടോർച്ചടിച്ചു നോക്കുമ്പോൾ നാലുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് കാണുകയായിരുന്നു. പൊലീസ് നടപടിയിൽ പ്രകോപിതനായ മദ്യപസംഘത്തിലെ റോഷൻ എസ് ഐയെ മർദ്ദിച്ചു. സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാൾ മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെ കസേരകൾ തകർക്കുകയും സെല്ലിന് കേട് വരുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂട് തേമ്പാംമൂട് ഭാഗത്തായിരുന്നു സംഭവം.