കന്യാസ്‌ത്രീകൾ കർദ്ദിനാളിനോട് പരാതിപ്പെട്ടത് മഠത്തിലെ ട്യൂബ്‌ലൈറ്റ് മാറ്റാനല്ല; ബിഷപ്പ് ഫ്രാങ്കോയ്‌ക്ക് ചുമതലകൾ നൽകുന്നത് സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്ന് ഫാദർ അഗസ്‌റ്റിൻ വട്ടോലി

Sunday 16 January 2022 5:56 PM IST

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് മറ്റ് ചുമതലകൾ നൽകരുതെന്ന് സേവ് അവർ സിസ്‌റ്റേഴ്‌സ് ഫോറം(എസ്‌ഒഎസ്) കൺവീനർ ഫാദർ അഗസ്‌റ്റിൻ വട്ടോലി.

കുറ്റവിമുക്തനായതോടെ സഭാ ചുമതലകളിലേക്ക് ഫ്രാങ്കോ മുളയ്‌ക്കൽ തിരികെവരാൻ ശ്രമം നടത്തുന്നതായുള‌ള വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഫ്രാങ്കോയ്‌ക്ക് ചുമതലകൾ നൽകുന്നത് സഭയുടെ അന്ത്യത്തിന് കാരണമാകുമെന്നും ഫാ‌ദർ അഗസ്‌റ്റിൻ വട്ടോലി പറഞ്ഞു.

കേസ് പൂർണമായും അവസാനിക്കും വരെ കുറവിലങ്ങാട് മഠത്തിൽ കന്യാസ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിക്‌ടിം പ്രൊട്ടക്ഷൻ ആക്‌ടിന്റെ ബലമുള‌ളതുകൊണ്ടാണ് കന്യാസ്‌ത്രീകൾക്ക് മഠത്തിൽ കഴിയാനായത്. കേസിൽ വിധി പറഞ്ഞെന്ന് കരുതി അവരെ ഇനി സ്ഥലംമാറ്റുന്നതുൾപ്പടെ നടപടികളുണ്ടാകരുതെന്ന് ഫാ‌ദർ അഗസ്‌റ്റിൻ വട്ടോലി ആവശ്യപ്പെട്ടു.

കർദ്ദിനാളിന്റെ മൊഴിയെക്കുറിച്ച് അദ്ദേഹം സ്വന്തം മാനസാക്ഷിയോട് ചോദിക്കട്ടെയെന്നും ഫാദർ പ്രതികരിച്ചു. പാലാ ബിഷപ്പിനെ കുറവിലങ്ങാട് പള‌ളിയിൽ വച്ച് കണ്ട കന്യാസ്‌ത്രീകൾ വിഷയം അദ്ദേഹത്തോട് പറഞ്ഞു. വിഷയം കർദ്ദിനാളിനോട് പറയാൻ അദ്ദേഹം പറഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂ‌‌ർ അടച്ചിട്ട മുറിയിൽ സംസാരിച്ചു. ഇത് മഠത്തിലെ പൂപ്പൽ കഴുകിക്കളയാനോ, ട്യൂബ് ലൈറ്റ് മാറ്റാനോ ടാപ്പ് മാറ്റാനോ അല്ലെന്നും ഫാ‌ദർ അഗസ്‌റ്റിൻ വട്ടോലി പറഞ്ഞു.

കേസിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും ഹൈക്കോടതി തള‌ളിയാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതുവരെ കന്യാസ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫാ‌ദർ അഗസ്‌റ്റിൻ വട്ടോലി ആവശ്യപ്പെട്ടു.