അന്ന് അങ്ങനെ,​ ഇന്ന് ഇങ്ങനെ,​ ഇത് എന്തുതരം സിൻഡ്രോം; കോടിയേരിക്ക് മറുപടിയുമായി വി ടി ബൽറാം

Sunday 16 January 2022 8:43 PM IST

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷത്തുനിന്നുള്ള ആരുമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനത്തിനു മറുപടിയുമായി വി.ടി. ബൽറാം. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്ത് യു.ഡി.എഫ് നേതൃത്വം എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-.അമീർ എന്നിവർക്ക് കൈമാറിയെന്നുള്ള കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ വിമർശനം.

ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണൻ. അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണൻ. ഇത് എന്തുതരം സിൻഡ്രോം ആണോ ആവോ!-ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം കുറ്റപ്പെടുത്തി.

ഇന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ കോടിയേരി പുതിയ വിമർശനമുയർത്തിയത്. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ല. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരിയുടെ ചോദിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി പ്രസിഡന്റെന്നും കോടിയേരി ചൂണ്ടിക്കാട്ടി.