ആലപ്പി രംഗനാഥ് അന്തരിച്ചു; വിടവാങ്ങിയത് 1500ലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അതുല്യ പ്രതിഭ

Sunday 16 January 2022 10:49 PM IST

കോട്ടയം: പ്രശസ്‌ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 72വയസായിരുന്നു. ജനുവരി 14ന് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം സന്നിധാനത്തെത്തി അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

1949ൽ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി ദേവമ്മാളിന്റെയും ആറ് മക്കളിൽ മൂത്ത മകനായാണ് ജനനം. സിനിമ, നാടകം, ഭക്തിഗാനങ്ങൾ തുടങ്ങി തൊട്ടമേഖലയിലെല്ലാം അദ്ദേഹം നിറസാന്നിദ്ധ്യമായി.

മലയാളത്തിലും തമിഴിലും ചലച്ചിത്ര ഗാനരംഗത്തും ഭക്തിഗാന രംഗത്തും നിരവധി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭയെയാണ് നഷ്‌ടമായത്. എഴുപതുകളിലും എൺപതുകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ രംഗനാഥിന്റെ സംഗീത സംവിധാനത്തിലുണ്ടായി. 1973ൽ ജീസസ് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തെത്തിയത്. ഈ ചിത്രത്തിലെ പി.ജയചന്ദ്രനും പി.ലീലയും ചേർന്ന് പാടിയ 'ഓശാന..ഓശാന' എന്ന ഗാനം വഴി അദ്ദേഹത്തിന്റെ സ്ഥാനം ചലച്ചിത്ര ലോകത്ത് ഉറപ്പിക്കപ്പെട്ടു.

പിന്നീട് പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തു. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും ഹിറ്റായി. അമ്പാടി തന്നിലൊരുണ്ണി എന്ന ചിത്രത്തിലെ റീ റെക്കോഡിംഗിന് എ.ആർ റഹ്‌മാൻ കീബോർഡ് വായിച്ചിരുന്നു.

അയ്യപ്പ ഭക്തിഗാനങ്ങളിൽ പ്രസിദ്ധമായ 1982ൽ പുറത്തിറങ്ങിയ സ്വാമി സംഗീതത്തിലെ മുഴുവൻ ഗാനങ്ങളും അന്ന് ഹിറ്റായി. സ്വാമി സംഗീതം ആലപിക്കും, എന്മനം പൊന്നമ്പലം, വൃശ്ചിക പൂംപുലരി,ശബരിഗിരി നാഥാ എന്നിവ അവയിൽ ചിലതാണ്. എല്ലാ ദുഖവും തീർത്തുതരൂ എന്റയ്യാ തുടങ്ങി ഓരോ ഭക്തിഗാന പ്രേമികളുടെയും ചുണ്ടിൽ തത്തിക്കളിക്കുന്ന നിരവധി ഗാനങ്ങൾക്ക് ആലപ്പി രംഗനാഥ് സംഗീതസംവിധാനമേകി.

Advertisement
Advertisement