നിർമ്മാണ നിരോധനം 5മീറ്ററിൽ മാത്രം, സിൽവർലൈൻ ഡി.പി.ആർ മാറ്റും

Sunday 16 January 2022 11:47 PM IST

തിരുവനന്തപുരം:സിൽവർ ലൈനിന്റെ വിശദ പദ്ധതി രേഖ ( (ഡി.പി.ആർ) കൂടുതൽ ജനസൗഹൃദവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ വ്യവസ്ഥകളോടെ ഭേദഗതി ചെയ്യും.

പാതയുടെ ഇരുവശത്തും നിർമ്മാണ നിരോധനം അഞ്ച് മീറ്ററിലും നിർമ്മാണ നിയന്ത്രണം പത്ത് മീറ്ററിലും ഒതുക്കുന്നതാണ് പ്രധാന ഭേദഗതികളിലൊന്ന്. നിലവിൽ ഡി. പി. ആറിൽ 30 മീറ്ററിലാണ് നിയന്ത്രണം. ഇവിടെ നിർമ്മാണത്തിന് മുൻകൂർ അനുമതി വേണം.

ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2.75 രൂപ എന്നത് കുറയ്ക്കാനാണ് നിർദ്ദേശം. സിൽവർ ലൈനിന്റെ വൈദ്യുതി നിരക്ക് കുറയ്‌ക്കുക,​ വിലകുറഞ്ഞ സോളാർ വൈദ്യുതി വാങ്ങുക എന്നീ നിർദ്ദശങ്ങളാണുള്ളത്. യൂണിറ്റിന് 6.50രൂപയാണ് കെ.എസ്.ഇ.ബിക്ക് നൽകേണ്ടത്. ഈ നിരക്ക് കുറയ്ക്കാം. അല്ല,​ സോളാർ വൈദ്യുതിയാണെങ്കിൽ 3.50 രൂപ മതി. ഈ ലാഭം ടിക്കറ്റ് നിരക്ക് കുറയ്ക്കാനുപയോഗിക്കും.

സ്റ്റേഷനുകളിലെ വാണിജ്യ വികസനം വർദ്ധിപ്പിച്ചുണ്ടാക്കുന്ന ലാഭവും ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ പ്രയോജനപ്പെടും.വാണിജ്യ വരുമാനം ഡി.പി.ആറിൽ രണ്ട് ശതമാനം മാത്രമാണ്. ഇത് 10-15ശതമാനമാക്കാൻ നീതി ആയോഗ് നിർദ്ദേശമുണ്ട്. വരുമാനം കൂടിയാൽ കൂടുതൽ ലാഭമാവും. കൂടുതൽ ഭൂമി ഏറ്റെടുക്കണം.

അലൈൻമെന്റ് മാറില്ലെങ്കിലും പാതയുടെ ഉയരം കുറച്ച് പാറ, മണ്ണ് എന്നിവയുടെ ചെലവും കുറയ്‌ക്കും.

കേന്ദ്ര കാബിനറ്റിന്റെ അന്തിമാനുമതി വരെ ഡി.പി.ആറിൽ മാറ്റങ്ങളുണ്ടാവാമെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ കേരളകൗമുദിയോട് പറഞ്ഞു.

ഏറെ മാറ്റങ്ങൾ

യാത്രക്കാരുടെ എണ്ണം

തുടക്കത്തിൽ 79,934 യാത്രക്കാർ എന്നത് കൂടും. 200 കിലോമീറ്റർ യാത്രചെയ്യുന്നവർ മാത്രം ഒരു ട്രെയിനിൽ ആയിരത്തിലേറെ ഉണ്ടാവും. ട്രെയിൻ യാത്രക്കാരിൽ 13 ശതമാനവും റോഡ്‌യാത്രികരിൽ 12 ശതമാനവും (46206പേർ) സിൽവർ ലൈനിലേക്ക് മാറും. ഹൈസ്പീഡ് റെയിലിൽ 2028ൽ 1.24ലക്ഷം യാത്രക്കാരാണ് ഡി.എം.ആർ.സി കണക്കാക്കിയത്. ടിക്കറ്ര് നിരക്ക് 5 രൂപ.

2)പാറയും മണ്ണും പുറമെനിന്ന്

മദ്ധ്യകേരളത്തിൽ നിന്ന് പാറയും മണ്ണും കണ്ടെത്തുമെന്നാണ് ഡിപിആറിൽ. തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിലോ പശ്ചിമേഷ്യയിൽ നിന്ന് കപ്പലിലോ പാറയെത്തിക്കാം. മലേഷ്യയിൽ നിന്ന് മണ്ണും. പാറയ്ക്ക് കേരളത്തിലെ പകുതി വിലയാണ് മറ്റ് സംസ്ഥാനങ്ങളിൽ. ട്രാക്കിൽ നിരത്തുന്ന പാറ 10ക്യുബിക് മീറ്ററിന് കേരളത്തിൽ 15,000 രൂപ. തമിഴ്നാട്ടിൽ 6000 രൂപ. 2000രൂപ കടത്തു കൂലിയായാലും ലാഭം.

മൺതിട്ടയുടെ ഉയരം

താണ സ്ഥലങ്ങളിൽ മൺതിട്ട (എംബാങ്ക്മെന്റ്) എട്ടു മീറ്റർ വരെ ഉയരാം. ആകെ മൺതിട്ട 292.72കിലോമീറ്റർ. ഇതിൽ 10ശതമാനം മാത്രം 5 മുതൽ 8 മീറ്റർ വരെ ഉയരം. കൂടുതലും 2-3 മീറ്റർ ഉയരത്തിലാണ്. 8 മീറ്ററിന് മുകളിലാണെങ്കിൽ പാലം നിർമ്മിക്കും.

മണ്ണിടിയില്ല

മലകൾ തുരക്കുമ്പോൾ ബോക്സ് സ്ഥാപിച്ച് മുകളിൽ മണ്ണിട്ട് മൂടും. കട്ട് ആൻഡ് കവർ സാങ്കേതികവിദ്യ. മണ്ണിടിച്ചിലുണ്ടാവില്ല.

ഒഴുക്ക് തടയില്ല

മഹാപ്രളയത്തിൽ സമുദ്രനിരപ്പിൽ നിന്ന് നാലുമീറ്ററാണ് വെള്ളം ഉയർന്നത്. അതിനും ഒരു മീറ്റർ മുകളിലാവും പാലങ്ങളും ട്രാക്കും. കൊല്ലം അടക്കം പല സ്റ്റേഷനുകളും വയലിലായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ഹൈഡ്രോളജിക്കൽ പഠനത്തിൽ കണ്ടെത്തും.

Advertisement
Advertisement