വിഴിഞ്ഞത്ത് 14കാരിയെ കൊന്നതും അമ്മയും മകനും,​ നടന്നത് കഥയെ വെല്ലുന്ന അരുംകൊല

Sunday 16 January 2022 11:51 PM IST

14കാരിയെ കൊന്നത് ഒരു വർഷം മുമ്പ്
ഇത്രയുംകാലം പ്രതികളായത് രക്ഷിതാക്കൾ

വിഴിഞ്ഞം: ഒരു വർഷം മുമ്പ് 14 വയസുള്ള വളർത്തുമകൾ കൊല്ലപ്പെട്ട കേസിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ മാതാപിതാക്കൾക്ക് ആശ്വാസം; യഥാർത്ഥ പ്രതികൾ കുടുങ്ങി. കോവളം, മുട്ടയ്‌ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകളായ ഗീതുവിനെ കൊലപ്പെടുത്തിയത്, കഴിഞ്ഞദിവസം അയൽക്കാരിയായ വൃദ്ധയെ കൊലപ്പെടുത്തിയ അമ്മയും മകനുമാണെന്ന് പൊലീസ് കണ്ടെത്തി.

വിഴിഞ്ഞം മുല്ലൂർ പനവിള സ്വദേശി ശാന്തകുമാരി (71) തലയ്‌ക്കടിയേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ റഫീക്കാ ബീവിയും (50), മകൻ ഷഫീക്കുമാണ് (23) ഇതിലെയും പ്രതികളെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം അറസ്റ്റിലായ റഫീക്കയുടെ ആൺസുഹൃത്ത് അൽഅമീന് ഇതിൽ പങ്കില്ല.

പെൺകുട്ടിയുടെ വീടിനു സമീപമാണ് ഇവർ അന്ന് വാടകയ്‌ക്ക് താമസിച്ചിരുന്നത്. പഠനത്തിനിടെ ഷഫീക്ക് ശല്യം ചെയ്തത് പെൺകുട്ടി ചോദ്യംചെയ്തതാണ് കൊലപാതകത്തിന് കാരണം. പ്രതികൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇവരുടെ മൊഴിയുൾപ്പെട്ട രേഖകൾ കോവളം പൊലീസിന് കൈമാറും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ഫോർട്ട് അസി.കമ്മിഷണർ.എസ്. ഷാജി പറഞ്ഞു.

വഴക്കിനിടെ പറഞ്ഞു, കുരുക്കായി

 മുല്ലൂർ പനവിളത്തോട്ടം ആലുംമൂട് വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ശാന്തകുമാരിയെ (71) പ്രതികൾ താമസിച്ചിരുന്ന സമീപത്തെ വാടക വീട്ടിലേക്ക് സൗഹൃദം നടിച്ച് വിളിച്ചുവരുത്തി കൊന്ന ശേഷം അവിടത്തെ തട്ടിൽ ഒളിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഏഴു പവന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനായിരുന്നു കൊലപാതകം.

 സംഭവത്തിന് ഒരാഴ്‌ച മുമ്പ് റഫീക്കയും ഇവരുടെ ആൺസുഹൃത്ത് അൽ അമീനുമായി വാക്കേറ്റമുണ്ടായിരുന്നു. അൽ അമീനെ വിരട്ടാനായി, പെൺകുട്ടിയുടെ മരണത്തിൽ മകന്റെ പങ്ക് റഫീക്ക വിളിച്ചുപറഞ്ഞു.

 ഇതുകേട്ട വീട്ടുടമയുടെ മകൻ വൃദ്ധയുടെ കൊലപാതകം അന്വേഷിക്കാനെത്തിയ പൊലീസിനോട് കാര്യം പറഞ്ഞു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

മുറിവ് ഇല്ലാത്തതിനാൽ ആക്രമണം അറിഞ്ഞില്ല

 റഫീക്കയുംഷഫീക്കും ഗീതുവിന്റെ വീടിന് പിന്നിലുള്ള വീട്ടിൽ നാലുവർഷം വാടകയ്ക്ക് താമസിച്ചിരുന്നു. അതിനിടെ ഷഫീക്ക് ഗീതുവുമായി അടുപ്പത്തിലായി. എന്നാൽ ഓൺലൈൻ ക്ലാസിനിടെ ഫോൺവിളിച്ച് ശല്യപ്പെടുത്തിയിരുന്നത് ഗീതു വിലക്കിയിരുന്നു.

 കഴിഞ്ഞവർഷം ജനുവരി 13ന് ഉച്ചയോടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഷഫീക്ക് ഗീതുവിന്റെ അടുത്തെത്തി വഴക്കുണ്ടാക്കി. ബഹളം കേട്ട് റഫീക്കയുമെത്തി. ഗീതു അവരെയും ശകാരിച്ചു. അതിനിടെ റഫീക്ക ഗീതുവിനെ മുടിയോടെ പിടിച്ച് ചുമരിൽ ഇടിച്ചു. തുടർന്ന് അമ്മയെ ശകാരിച്ചതിന്റെ ദേഷ്യത്തിൽ ഷഫീക്ക് വീട്ടിൽ പോയി ചുറ്റിക കൊണ്ടുവന്ന് ഗീതുവിന്റെ തലയുടെ നെറുകയിൽ അടിച്ചു. ഗീതു കട്ടിലിൽ കുഴഞ്ഞ് വീണു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മടങ്ങി.

 പിറ്റേദിവസം അവശയായി കണ്ട ഗീതുവിനെ രക്ഷിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. വൈകിട്ട് 6.30ന് കുട്ടിമരിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് സഹായിക്കാൻ റഫീക്കയും ഷഫീക്കുമെത്തിയിരുന്നു.

 15ന് മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമാർട്ടത്തിൽ തലയുടെ മദ്ധ്യഭാഗത്ത് കനമുള്ള വസ്തുകൊണ്ടുള്ള അടിയും പിൻഭാഗത്ത് ക്ഷതമേറ്റതിന്റെ മൂന്ന് പാടുകളും തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമായിരുന്നു മരണ കാരണം.

കോവളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളാക്കിയത് രക്ഷിതാക്കളെയാണ്.

Advertisement
Advertisement