ആനാവൂർ വീണ്ടും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
Sunday 16 January 2022 11:58 PM IST
തിരുവനന്തപുരം: ആനാവൂർ നാഗപ്പൻ സി.പി.എമ്മിന്റെ തലസ്ഥാന ജില്ലാ സെക്രട്ടറിയായി തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ അവസാനിച്ച ജില്ലാ സമ്മേളനമാണ് നാഗപ്പനെ വീണ്ടും തിരഞ്ഞെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.
2016ൽ കടകംപള്ളി സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് താൽക്കാലിക സെക്രട്ടറിയായി ആനാവൂർ നാഗപ്പനെത്തുന്നത്. കടകംപള്ളി ജയിച്ച് മന്ത്രിയായതോടെ പൂർണചുമതലയോടെ ജില്ലാ സെക്രട്ടറിസ്ഥാനത്ത് തുടർന്നു. 2018ലാണ് ആദ്യമായി ജില്ലാസമ്മേളനത്തിലൂടെ ജില്ലാ സെക്രട്ടറിയാവുന്നത്. സമ്മേളനത്തിലൂടെ തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്.