പ്രമേഹരോഗികളിലെ ഹൃദ്രോഗം കുറയ്ക്കാം, കണ്ടുപിടിത്തവുമായി ആർ.ജി.സി.ബി

Monday 17 January 2022 12:28 AM IST

തിരുവനന്തപുരം: പ്രമേഹരോഗികളിലെ ഹൃദ്രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിൽ 'സൈക്ലോഫിലിൻ എ' പ്രോട്ടീൻ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) ഗവേഷകർ. വിവിധ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഈ പ്രോട്ടീന്റെ പ്രവർത്തനത്തെ നിയന്ത്രിച്ച് കൃത്യമായ മരുന്നുകളിലൂടെ ഹൃദ്രോഗസാദ്ധ്യത കുറയ്ക്കാനാകും. ആർ.ജി.സി.ബി കാർഡിയോവാസ്‌കുലാർ ഡിസീസസ് ആൻഡ് ഡയബെറ്റിസ് ബയോളജി പ്രോഗ്രാം സയന്റിസ്റ്റ് ഡോ. സൂര്യ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടുപിടിത്തതിന് പിന്നിൽ.

ഹൃദയ ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോൾ പാളിയിലെ വിള്ളൽ മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. പാളിയിലെ വിള്ളൽ സ്വാഭാവികമായി ശരിയാകുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. അത്തരം രക്തക്കട്ടകൾ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പൂർണമായും തടയുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. പ്രമേഹമുള്ളവർക്ക് രക്തക്കുഴലുകൾ സംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. അവരിലെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതിൽ സൈക്ലോഫിലിൻ എയ്ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന് ഡോ. സൂര്യ രാമചന്ദ്രൻ പറഞ്ഞു.

സൈക്ലോഫിലിൻ എയുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിലൂടെ പാളിയിലെ വിള്ളൽ മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ അപകടസാദ്ധ്യത കുറയ്ക്കാനാകും. പ്രമേഹരോഗികളിൽ രക്തക്കുഴലുകളുടെ വീക്കം കണ്ടെത്തുന്നതിനുള്ള സീറോളജിക്കൽ മാർക്കറായി ഈ രീതി ക്ലിനിക്കലായി വികസിപ്പിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

Advertisement
Advertisement