ആസൂത്രണം പിഴച്ച് 'പ്ലാനിംഗ് സമിതി'യുടെ നാലുനില ഓഫീസ് നിർമ്മാണം  മുൻകൂർ അനുമതി തേടിയില്ല, 8 വർഷത്തിലധികമായി കെട്ടിടം വെറുതെ കിടക്കുന്നു

Monday 17 January 2022 12:30 AM IST

പാലക്കാട്: ജില്ലയുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ജില്ലാ ആസൂത്രണ സമിതിക്ക് സ്വന്തം ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ കാര്യത്തിൽ പിഴച്ചു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ മുൻകൂർ അനുമതി ഇല്ലാതെ ടിപ്പു സുൽത്താൻ കോട്ടയ്ക്ക് സമീപം നിർമ്മിച്ച നാലുനില കെട്ടിടം 2013ൽ പണി പൂർത്തിയാക്കിയിട്ടും എൻ.ഒ.സി ലഭിക്കാത്തതിനാൽ തുറന്നു പ്രവർത്തിക്കാനാവുന്നില്ല. കോട്ടയുടെ 300 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആർക്കിയോളജിക്കൽ സർവേ വിഭാഗത്തിന്റെ മുൻകൂർ അനുമതി വേണം. മാത്രമല്ല കോട്ടയെക്കാൾ ഉയരത്തിൽ കെട്ടിടം നിർമ്മിച്ചതും വിനയായി. കോട്ടയുടെ 200 മീറ്റർ പരിധിയിലാണ് കെട്ടിടം നിർമ്മിച്ചത്.

3.80 കോടി ചെലവിട്ട് 30 സെന്റ് സ്ഥലത്ത് 2010ലാണ് നിർമ്മാണം തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ചുമതല. പ്ലാനിംഗ് ഓഫീസ്, ടൗൺ പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം എന്നിവയ്ക്കുവേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. മുൻകൂർ അനുമതി ഇല്ലാത്തതിനാൽ 2013 ഡിസംബർ 12ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്റ്റോപ്പ് മെമ്മോ നൽകി. പ്ലാനിംഗ് വിഭാഗവും പൊതുമരാമത്ത് വിഭാഗവും രേഖകൾ ഉൾപ്പെടെ ഹാജരാക്കി കെട്ടിടം തുറക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും എൻ.ഒ.സി ഇതുവരെ കിട്ടിയിട്ടില്ല. അതേസമയം മുൻകൂട്ടി അനുമതി വാങ്ങണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കാടുപിടിച്ച അവസ്ഥയിലാണ് കെട്ടിട പരിസരം ഇപ്പോൾ.

 അനുമതി വാങ്ങി പി.എസ്.സി ഓഫീസ്

കോട്ടയുടെ നിശ്ചിത പരിധിയിൽ മുൻകൂട്ടി അനുമതി വാങ്ങിയ ജില്ലാ പി.എസ്.സി ഓഫീസിന്റെ പുതിയ കെട്ടിടം കഴിഞ്ഞ വർഷം അവസാനം പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഇതുകൂടാതെ സ്വകാര്യ കെട്ടിടങ്ങളും ഈ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട്.

Advertisement
Advertisement