സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം: ആലപ്പുഴ കൊലപാതകങ്ങൾ ഇന്റലിജന്റ്സ് വീഴ്ച മൂലം

Monday 17 January 2022 12:45 AM IST

₹എങ്കിൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോയെന്ന് കോടിയേരി

തിരുവനന്തപുരം: ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ട് കൊലപാതകങ്ങളുണ്ടായത് സംസ്ഥാന ഇന്റലിജന്റ്സിന്റെ പരാജയമാണ് കാട്ടിയതെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ഇത് തള്ളിക്കളഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് ആർക്കെങ്കിലും നേരത്തേ അറിയാനായോ എന്ന് ചോദിച്ചു.

പൊലീസിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ പ്രതിനിധി ചർച്ചയുടെ രണ്ട് ദിവസങ്ങളിലും ഉയർന്ന വിമർശനങ്ങളുടെ കൂട്ടത്തിലായിരുന്നു ആലപ്പുഴ സംഭവവും പരാമർശിക്കപ്പെട്ടത്. പൊലീസ് ബോധപൂർവ്വം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുമുണ്ടാകുമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ആറ്റിങ്ങലിൽ പിഞ്ചുകുഞ്ഞിനെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസുകാരിക്കെതിരെ ഉടൻ നടപടിയെടുക്കാതിരുന്നത് പൊലീസ് സംവിധാനത്തിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ആറ്റിങ്ങലിൽ നിന്നെത്തിയ പ്രതിനിധികൾ വിമർശിച്ചു. ഇടതുഭരണത്തിലെ പൊലീസിൽ നിന്ന് ഇങ്ങനെയൊരു സന്ദേശമല്ല പ്രതീക്ഷിക്കുക. രക്ഷാകർത്താവിന് മുന്നിൽ വച്ചാണ് പിഞ്ചുകുട്ടിയെ പൊലീസുകാരി അപമാനിച്ചത്. അപ്പോൾ തന്നെ ആ പൊലീസുകാരിയെ സസ്പെൻഡ് ചെയ്തിരുന്നെങ്കിൽ അതൊരു നല്ല സന്ദേശമാവുമായിരുന്നു. പ്രശ്നവും പരിഹരിക്കപ്പെട്ടേനെ.കോടതിയുടെ മുന്നിലേക്ക് വരെ കേസ് വലിച്ചിഴയ്ക്കപ്പെട്ട് വലിയ നാണക്കേടുണ്ടായി.

മുഖ്യമന്ത്രിയുടെ ഓഫീസ് ജനസൗഹൃദമല്ലാതായി. പരാതികളുന്നയിച്ചാൽ മറുപടി പോലും ലഭിക്കുന്നില്ല. എം.വി. ജയരാജൻ ആ ഓഫീസിലുണ്ടായിരുന്നപ്പോൾ മാത്രമാണ് പാർട്ടിപ്രവർത്തകർക്കും പൊതുജനങ്ങൾക്കും അവിടെ പ്രാപ്യമാകുന്ന നിലയുണ്ടായിട്ടുള്ളത്. പൊലീസും നന്നായി പ്രവർത്തിച്ചത് അപ്പോഴായിരുന്നു. ആർ.എസ്.എസ് ഗ്യാങ് പൊലീസിനെ നിയന്ത്രിക്കുന്ന സാഹചര്യം മാറിയിട്ടില്ലെന്നും വിമർശനമുയർന്നു.

അമ്പതിനായിരം പേരുള്ള പൊലീസ് സേനയിൽ എല്ലാവരും ഏതു തരക്കാരാണെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നായിരുന്നു കോടിയേരിയുടെ മറുപടി.

മന്ത്രി ശിവൻകുട്ടിക്കും

ഓഫീസിനും അഭിനന്ദനം

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പുറമേ, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും ജില്ലാ സമ്മേളനത്തിൽ അഭിനന്ദനം. മന്ത്രി ശിവൻകുട്ടിയും അദ്ദേഹത്തിന്റെ ഓഫീസും സ്തുത്യർഹമായ നിലയിലാണ് പ്രവർത്തിക്കുന്നത്. പാർട്ടി പ്രവർത്തകർക്ക് ന്യായമായ പരിഗണന ആ ഓഫീസിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും ഭൂരിഭാഗം പ്രതിനിധികളും പറഞ്ഞു.

ജില്ലാ സമ്മേളനത്തിന്റെ സംഘാടനം കെട്ടിലും മട്ടിലും നന്നായെങ്കിലും മെഗാ തിരുവാതിരകളി സംഘടിപ്പിച്ചത് ഔചിത്യക്കേടായെന്ന് ആറ്റിങ്ങലിനെ പ്രതിനിധീകരിച്ച് സംസാരിച്ചവർ വിമർശിച്ചു. ധീരജിന്റെ രക്തസാക്ഷിത്വമുണ്ടായ സമയത്ത് തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നു. തിരുവാതിര വിവാദത്തിൽ മറുപടിപ്രസംഗത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മൗനം പാലിച്ചു.

ബി.ജെ.പി ജില്ലയിൽ വളരുന്നുവെന്ന വിമർശനം അംഗീകരിച്ചായിരുന്നു ആനാവൂരിന്റെ മറുപടി പ്രസംഗം. പാർട്ടി പ്രവർത്തകർ മുമ്പ് ക്ഷേത്രങ്ങളുടെ ഭരണസമിതികളുമായും മറ്റും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ മടിച്ചുനിന്നപ്പോൾ ആ വിടവിലേക്ക് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രവർത്തനം ശക്തിപ്പെടുത്തിയെന്ന് ചർച്ചയിൽ അഭിപ്രായമുണ്ടായി. ഇപ്പോൾ പാർട്ടി പ്രവർത്തകർ ക്ഷേത്ര നടത്തിപ്പുകളിലിടപെടുന്നുണ്ട്. അത് ശക്തമാക്കണമെന്നും പ്രതിനിധികൾ നിർദ്ദേശിച്ചു.

Advertisement
Advertisement