പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ എം കെ പ്രസാദ് അന്തരിച്ചു
Monday 17 January 2022 8:54 AM IST
കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ എം കെ പ്രസാദ് അന്തരിച്ചു. 90 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ എറണാകുളത്തെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവായിരുന്ന എം കെ പ്രസാദ്, പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐ ആർ ടി സി(Integrated Rural technology Centre) യുടെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 30 വർഷത്തോളം വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വിസിയായും മഹാരാജാസ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പരിസ്ഥിതി പ്രഭാഷകനായിരുന്നു എം കെ പ്രസാദ്. അദ്ദേഹം സേവ് സൈലന്റ് വാലി ക്യാംപയിന് നേതൃത്വം നൽകിയിരുന്നു.