'ഇത്തരത്തിൽ നിസാരമായി പരിഗണിച്ചാൽ ഓൻ വിശ്വരൂപം കാട്ടും' ഒമിക്രോൺ വ്യാപനത്തിൽ ആശങ്ക പങ്കുവച്ച് ഡോ സുല്ഫി നൂഹു

Monday 17 January 2022 10:37 AM IST

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി ഡോ. സുല്ഫി നൂഹു. മൂന്നാം തരംഗത്തെ നിസാരമായി പരിഗണിച്ചാൽ അത് വിശ്വരൂപം കാട്ടും എന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കിയത്.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ലോകത്ത് 50000 മരണങ്ങളാണ് ഉണ്ടായത്. ഒമിക്രോൺ എത്ര ശക്തമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റൊരു ലോക്ടൗണിലേക്ക് പോകാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൊവിഡ് ബാധിതരായി വീട്ടിൽ കഴിയുമ്പോൾ പിന്തുടരേണ്ട രീതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

"വിശ്വരൂപം കാട്ടാൻ ഒമിക്രോണിനെ അനുവദിക്കരുത്

മൂന്നാം തരംഗത്തെ വളരെ വളരെ നിസ്സാര വൽകരിച്ചാൽ ഓൻ വിശ്വരൂപം കാട്ടും

ഉറപ്പാണ് .

കഴിഞ്ഞ പത്ത് ദിവസങ്ങൾ

അൻപതിനായിരത്തിലേറെ മരണങ്ങൾ.

അതാണ് ലോകത്തിൽ ഇപ്പോഴത്തെ ഒമിക്രോൺ .

വിശ്വരൂപം കാട്ടി നമുക്ക് ലോക്ഡൗണിലേക്ക് പോകാതിരിക്കാൻ ചില കാര്യങ്ങൾ കർശനമായി പാലിച്ചേ മതിയാവൂ .

കുറഞ്ഞത് രണ്ടാഴ്ച. കൂടിയാൽ രണ്ടുമാസം.

പഴയത് ഒന്നുകൂടി പറയേണ്ടതില്ല, എങ്കിലും പറയാം.

തൽക്കാലം നമുക്ക് തുണി മാസ്ക് ഉപേക്ഷിക്കാം.

n95 മാസ്ക് കഴിവതും ഉപയോഗിക്കാം.

n95 മാസ്ക് ഒമിക്രോണിനെതിരെ കൂടുതൽ പ്രൊട്ടക്ഷൻ നൽകുന്നുവെന്ന് പഠനങ്ങൾ.

സാമൂഹിക അകലം നിർബന്ധം.

കഴിവതും തുറസ്സായ സ്ഥലങ്ങളിൽ പ്രവർത്തിക്കുക.

എസി വേണ്ടേ വേണ്ട.

കൈകൾ ശുദ്ധീകരിക്കുന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല.

പിന്നെ വാക്സിൻ

വാക്സിൻ

വാക്സിൻ.

ഇതൊക്കെ ചെയ്താലും പനി വന്നാലോ.

"കടക്കകത്ത്"

അതാണ് നയം

പടിക്ക് പുറത്തിറങ്ങരുത്.

പനി

ജലദോഷം

തൊണ്ടവേദന

തല വേദന

ചുമ

ശരീരവേദന.

"കടക്കകത്ത്" നിർബന്ധമാണ്.

മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇത്തരം രോഗലക്ഷണമുള്ളവർ കോവിഡ് രോഗികളല്ലയെന്ന് പറയാൻ പ്രയാസമാണ്.

ഇത്തരക്കാർ വീടിനുള്ളിൽ, മുറിയിൽ, ഏറ്റവും കുറഞ്ഞത് അഞ്ചു ദിവസം ഐസൊലേറ്റ് ചെയ്യണം.

ഏഴു ദിവസമാണ് അഭികാമ്യം .

ഏറ്റവും കുറഞ്ഞത് അഞ്ചു ദിവസം.

തൽക്കാലം വീട്ടിൽ തന്നെ ചികിത്സിക്കാം.

എൻ 95 മാസ്ക് നിർബന്ധം.

സ്വന്തം മുറി

സ്വന്തം ടോയ്ലറ്റ്

സ്വന്തം പാത്രങ്ങൾ

സ്വന്തം വസ്ത്രം

ഇവയൊക്കെ സ്വയം വൃത്തിയാക്കുകയും വേണം.

മൊബൈൽ

ടിവി റിമോട്ട്

തുടങ്ങിയവ വീട്ടുകാരുമായി പങ്കു വെയ്ക്കരുത്.

ധാരാളം വെള്ളം കുടിക്കണം കൃത്യമായ സമയങ്ങളിൽ ആഹാരം കഴിക്കണം കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങണം.

ഇനി രോഗം കൂടുന്നുവോയെന്ന് എങ്ങനെ അറിയാം?

കാറ്റഗറി മാറിയാൽ ആശുപത്രിയിൽ പോണം.

ഒരു പൾസ് ഓക്സിമീറ്റർ സംഘടിപ്പിക്കണം

ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കണം.

അത് 94 കുറവായാലും നാഡിമിടിപ്പ് 90ന് മുകളിൽ പോയാലും ആശുപത്രിയിൽ പോകണം

പിന്നെ ഒന്ന് നടന്നു നോക്കുകയും ചെയ്യാം.

ഒരു 6 മിനിറ്റ് നടക്കുമ്പോൾ ഓക്സിജന്റെ അളവ് മൂന്ന് ശതമാനം കുറഞ്ഞാൽ അപ്പോഴും ആശുപത്രിയിൽ പോണം.

പൾസ് ഓക്സിമീറ്റർ ലഭ്യമല്ലെങ്കിൽ നമുക്ക് ശ്വാസം എത്ര നേരം ഉള്ളിൽ പിടിച്ചുവയ്ക്കാൻ കഴിയും എന്നുള്ള ടെസ്റ്റ് ചെയ്തു നോക്കാം.

ശ്വാസം ഉള്ളിലേക്ക് വലിച്ചാൽ 25 സെക്കൻഡ് പിടിച്ചു വെയ്ക്കാൻ കഴിയണം.

അത് 15സെക്കൻഡിന് താഴെയായാൽ തീർച്ചയായും ആശുപത്രിയിൽ പോണം.

ഇനി ഏറ്റവും പ്രധാനപ്പെട്ട അപകടസൂചനകൾ.

ശക്തമായ ശ്വാസംമുട്ടൽ. ബോധക്ഷയം. കഫത്തിൽ രക്തം .

ശരീരത്തിൽ നീല നിറം ശക്തമായ നെഞ്ചുവേദന അതികഠിനമായ ക്ഷീണം വളരെ ഉയർന്ന തോതിലുള്ള നെഞ്ചിടിപ്പ്

ഇത് റെഡ് ഫ്ലാഗ് സൈൻസാണ്. ഉടൻ പോണം ആശുപത്രിയിൽ.

പറഞ്ഞു വന്നത്

ലാഘവബുദ്ധിയോടെ ഒമിക്രോണിനെ കാണാൻ ശ്രമിച്ചാൽ ഓൻ വിശ്വരൂപം കാട്ടും.

ശ്രദ്ധയോടെ സമീപിച്ചാൽ

പെട്ടെന്ന് കൂടി, പെട്ടെന്ന് തന്നെ കുറഞ് , അവൻ നാട് കടക്കും.

കടക്കട്ടെ.

ഡോ. സുല്ഫി നൂഹു"

 
 
 
Advertisement
Advertisement