# പൊട്ടാഫോയും മിംസും കൈകോർക്കുന്നു മരുന്നും ഇനി വീട്ടുപടിക്കൽ
കോഴിക്കോട്: ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയായ പൊട്ടാഫോയും ആസ്റ്റർ മിംസും സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിക്കുന്ന പൊട്ടാഫോ ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. ആസ്റ്റർ മിംസിന്റെ ഹോം കെയർ വിഭാഗമായ ആസ്റ്റർ അറ്റ് ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകൾക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുക. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പനാണ് പൊട്ടാഫോ ഹെൽത്തിന്റെ ലോഞ്ചിംഗ് നിർവഹിച്ചത്. മരുന്നുകൾക്കും ലബോറട്ടറി പരിശോധനകൾക്കുമായി പുറത്തിറങ്ങാൻ കഴിയാത്തവർക്ക് പൊട്ടാഫോ ഹെൽത്ത് വലിയ ആശ്വാസമാകും.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് പൊട്ടാഫോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. മരുന്നിന്റെ കുറിപ്പും ലൊക്കേഷനും അപ്‌ലോഡ് ചെയ്താൽ പൊട്ടാഫോ ഹെൽത്തിന്റെ ജീവനക്കാർ തിരികെ ബന്ധപ്പെടുകയും മരുന്നിന്റെ തുക, എത്തിച്ചേരുന്ന സമയം എന്നിവ അറിയിക്കും. ആവശ്യക്കാരുടെ അനുമതി ലഭിച്ചാൽ മരുന്ന് വീട്ടിലെത്തിക്കും.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. 25 രൂപയാണ് സർവീസ് ചാർജ്. വാർത്താസമ്മേളനത്തിൽ ഡോ.ജഷീറ മുഹമ്മദ്കുട്ടി, ഡോ. അനിത ജോസഫ്, പൊട്ടാഫോ പ്രൈവറ്ര് ലിമിറ്രഡ് മാനേജിംഗ് ഡയറക്ടർ മാഗ്ഡി അഷ്റഫ് എന്നിവർ പങ്കെടുത്തു.