ബിർജു മഹാരാജ് തമാശകൾ പങ്കിടുന്ന സഹൃദയൻ: സൂര്യ കൃഷ്‌ണമൂർത്തി

Tuesday 18 January 2022 12:07 AM IST

തിരുവനന്തപുരം : അരങ്ങിൽ മിഴിവാർന്ന മാസ്മരിക പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന പ്രശസ്‌ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് സദസ്സിലേക്ക് ഇറങ്ങിയാൽ കാണികൾക്കൊപ്പം തമാശകൾ പങ്കിടുന്ന സഹൃദയനാണെന്ന് സൂര്യ കൃഷ്ണമൂർത്തി ഓർമ്മിക്കുന്നു. അദ്ദേഹം ആദ്യമായി കേരളത്തിലെത്തുന്നത് സൂര്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ്. നാലുവട്ടം സൂര്യയിൽ കഥക് അവതരിപ്പിച്ചിട്ടുണ്ട്. ഒരു പ്രാവശ്യം കഥക്കിന്റെ പരിശീലനക്കളരിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൂര്യ സംഘടിപ്പിച്ചു.

1980കളിൽ ആയിരുന്നു ആദ്യവരവ്. പീന്നീട് അത് വലിയ സൗഹൃദമായി. രണ്ടാംവട്ടമാണ് കഥക് പരീശീലനക്കളരിയിൽ പങ്കെടുക്കാനെത്തിയത്. അതിനുശേഷം മൂന്നുവട്ടം അദ്ദേഹം സൂര്യ ഫെസ്റ്റിവലിൽ കഥക് അവതരിപ്പിച്ചു. 2000ൽ ആയിരുന്നു അവസാന പരിപാടി.

1990ൽ ഫെസ്റ്റിവൽ ഒഫ് ഇന്ത്യ സംഘടിപ്പിച്ച ലോകയാത്രയിൽ അദ്ദേഹത്തോടൊപ്പമുള്ള യാത്രയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ മനസ്സിൽ എക്കാലവും തിളങ്ങി നിൽക്കുന്നത്. കലയും കളിയും ചിരിയും തമാശകളുമെല്ലാം പങ്കുവച്ചുള്ള യാത്ര. ബിർജു മഹാരാജിനെ കുറിച്ച് ഓർമ്മിക്കുമ്പോൾ ശാശ്വതി സെൻ എന്ന പ്രിയപ്പെട്ട ശിഷ്യയുടെ മുഖവും തെളിയുമെന്ന് സൂര്യ കൃഷ്‌ണമൂർത്തി പറഞ്ഞു. അദ്ദേഹത്തിന്റെ നിഴൽപോലെ എപ്പോഴും ശാശ്വതി സെൻ ഉണ്ടാകും. ബിർജു മഹാരാജിനെ അറിയുന്നവർക്കെല്ലാം ശാശ്വതി സെന്നിനെയും അറിയാം. പ്രശസ്‌തരായ നിരവധി കലാകാരന്മാർ ആദ്യമായി കേരളത്തിലെത്തുന്നത് സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലാണ്. ബിർജു മഹാരാജിനെയും മലയാളിക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സൂര്യ കൃഷ്‌ണമൂർത്തി.

Advertisement
Advertisement