അമേരിക്കയിലെ യുണീകോൺ സ്ഥാപകരിൽ ഒന്നാമത് ഇന്ത്യക്കാർ

Tuesday 18 January 2022 3:00 AM IST

ന്യൂഡൽഹി: അമേരിക്കയിലെ 500 യുണീകോൺ (100 കോടി ഡോളറിനുമേൽ നിക്ഷേപക മൂല്യമുള്ളവ) സ്‌റ്റാർട്ടപ്പ് കമ്പനികളുടെ 1,078 സ്ഥാപകരിൽ 90 പേരും ഇന്ത്യക്കാർ. അമേരിക്കക്കാരല്ലാത്ത യുണീകോൺ സ്ഥാപകരുടെ പട്ടികയിൽ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്കാണ്. 52 പേരുമായി ഇസ്രായേൽ രണ്ടാമതും 42 പേരുമായി കാനഡ മൂന്നാമതുമാണെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഇല്യ എ. സ്‌ട്രെബുലേവിന്റെ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.

1997 മുതൽ 2019 വരെയുള്ള യുണീകോൺ കമ്പനികളുടെ പട്ടികയാണ് സ്‌ട്രെബുലേവ് പരിഗണിച്ചത്. അമേരിക്കയിലെ മൊത്തം യുണീകോൺ സ്ഥാപകരിൽ 44 ശതമാനവും വിദേശികളാണ്. ഓഹരി വ്യാപാര ആപ്പായ റോബിൻഹുഡിന്റെ സ്ഥാപകൻ ബൈജു ഭട്ട്, ക്ളബ്ബ് ഹൗസിന്റെ രോഹൻ സേഠ്, ഇൻസ്‌റ്റ കാർട്ടിന്റെ അപൂർവ മേത്ത, നൂട്ടണിക്‌സിന്റെ ധീരജ് പാണ്ഡേ, മോഹിത് ആരോൺ, അജീത്ത് സിംഗ്, ഹോർട്ടൺ വർക്‌സിന്റെ അരുൺ മൂർത്തി, സുരേഷ് ശ്രീനിവാസ്, ചെഗിന്റെ ആയുഷ് ഫുംബ്ര, യൂഡെമിയുടെ ഗഗൻ ബിയാനി, മ്യു സിഗ്മയുടെ ധീരജ് രാജാറാം എന്നിവരാണ് എന്നിവരാണ് ഇന്ത്യക്കാരിൽ പ്രമുഖർ.

ഇന്ത്യയിലും മുന്നേറ്റം

ലോകത്ത് ഏറ്റവുമധികം യുണീകോൺ കമ്പനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് തൊട്ടുമുന്നിലുള്ളത്. 2021ൽ 44 പുതിയ യുണീകോണുകൾ ഇന്ത്യയിൽ പിറന്നു. ഇത് റെക്കാഡാണ്. 2018 മുതലുള്ള പുതിയ യുണീകോണുകളുടെ കണക്ക് ഇങ്ങനെ:

 2018 : 8

 2019 : 9

 2020 : 10

 2021 : 44

Advertisement
Advertisement