സ്‌ഫോടനത്തിന് പിന്നിൽ ഹൂതികൾ,​ കുറ്റവാളികൾ ശിക്ഷിക്കപ്പെടും,​ മുന്നറിയിപ്പുമായി യു എ ഇ

Tuesday 18 January 2022 3:01 AM IST

അബുദാബി : അബുദാബിയിൽ തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് സ്ഥിരീകരിച്ച് യു.എ.ഇ. യു.എ.ഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. . യു.എ.ഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്‍താവനയിൽ പറയുന്നു.

അന്താരാഷ്‍ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമാണ്. മേഖലയില്‍ അസ്ഥിരത പടര്‍ത്താനും ഭീകരവാദം വ്യാപിപ്പിക്കാനും ഹൂതികള്‍ ശ്രമിച്ചുവരികയാണ്.സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കാന്‍ അന്താരാഷ്‍ട്ര സമൂഹം മുന്നോട്ടുവരണമെന്നും യു.എ.ഇ ആഹ്വാനം ചെയ്‍തു. ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പ്രസ്‍താവനയില്‍ പറയുന്നു.

തിങ്കളാഴ്‍ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‍ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. മുസഫയില്‍ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു.