വീണിടത്തുനിന്ന് വൺ ഡേയിലേക്ക്

Tuesday 18 January 2022 10:30 PM IST

ഇന്ത്യ -ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് പാളിൽ തുടക്കം

ഇന്ത്യയെ നയിക്കുന്നത് കെ.എൽ രാഹുൽ,വിരാട് ടീമിൽ

പാൾ : ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയിച്ചശേഷം വീണുപോയ ഇന്ത്യ അഭിമാനം വീണ്ടെടുക്കാനായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലിറങ്ങുന്നു. പാളിലെ ബോളണ്ട് പാർക്കിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് ആദ്യ ഏകദിനം തുടങ്ങുന്നത്. ഏകദിന ഫോർമാറ്റിൽ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ പുതിയ സ്ഥിരം നായകനെങ്കിലും പരിക്ക് കാരണം അദ്ദേഹത്തിന് കളിക്കാൻ കഴിയാത്തതിനാൽ കെ.എൽ രാഹുലാണ് ഇന്ന് ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷം ആ ഫോർമാറ്റിലെ ക്യാപ്ടൻസിയും വച്ചൊഴിഞ്ഞ വിരാട് കൊഹ്‌ലി ടീമിലുണ്ടാകും. ഏഴുവർഷത്തിന് ശേഷമാണ് വിരാട് ക്യാപ്ടനല്ലാതെ ഏകദിനത്തിനിറങ്ങുന്നത്.

പരിശീലകനായ രാഹുൽ ദ്രാവിഡിനും നായകനായ കെ.എൽ രാഹുലിനും വലിയ പരീക്ഷണമാണ് ഈ പരമ്പര.ടെസ്റ്റ് പരമ്പരയിലെ ജയിക്കാൻ കഴിയുമായിരുന്ന അവസാന രണ്ട് മത്സരങ്ങളും കൈവിട്ടുകളഞ്ഞത് പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിന് തിരിച്ചടിയാണ്. ആ നിരാശയിൽ നിന്ന് മുക്തരാവുന്നതിന് മുമ്പാണ് വിരാട് ടെസ്റ്റ് ക്യാപ്ടൻസിയും രാജിവച്ച് ഞെട്ടിച്ചത്. ട്വന്റി-20യിലും വിരാട് സ്വയം ക്യാപ്ടൻസി ഒഴിഞ്ഞതാണ്. എന്നാൽ ഏകദിനത്തിൽ ക്യാപ്ടനായി തുടരാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ സെലക്ടർമാർ അനുവദിച്ചില്ല. ഈ ആശയക്കുഴപ്പങ്ങളൊക്കെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ ഡ്രെസിംഗ് റൂമിൽ പ്രതിഫലിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതിൽ നിന്നൊക്കെ മാറി ഫ്രഷായ ഒരു തുടക്കമാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്.

സീനിയേഴ്സായ ശിഖർ ധവാന്റെയും രവിചന്ദ്രൻ അശ്വിന്റെയും ചഹലിന്റെയും തിരിച്ചുവരവും യുവതാരങ്ങളായ വെങ്കിടേഷ് അയ്യർ,സൂര്യകുമാർ യാദവ് തുടങ്ങിയ യുവനിരയുടെ സാന്നിദ്ധ്യവുമാണ് ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന് കെട്ടുറപ്പ് നൽകുന്നത്. രോഹിതിന്റെ അഭാവത്തിൽ ധവാനാകും കെ.എൽ രാഹുലിനൊപ്പം ഓപ്പണിംഗിനിറങ്ങുക. ടെസ്റ്റ്,ട്വന്റി-20 ടീമുകളിൽ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞ ധവാന് ഇന്ത്യൻ കുപ്പായത്തിൽ തുടരാൻ ഈ പരമ്പര നിർണായകമാവും.വിരാട് ഫസ്റ്റ് ഡൗണായി എത്തുമ്പോൾ നാലാം നമ്പരിലേക്ക് മത്സരിക്കുന്നത് ശ്രേയസ് അയ്യരും സൂര്യകുമാർ യാദവുമാണ്. റിഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും വെങ്കിടേഷ് സ്പിൻ ചെയ്യാല കഴിയുന്ന ആൾറൗണ്ടറായും പ്ളേയിംഗ് ഇലവനിലുണ്ടാകും എന്നാണ് സൂചന.

ഇന്ത്യ മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും കളത്തിലിറക്കാനാണ് സാദ്ധ്യത. ഭുവനേശ്വർ കുമാർ,ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം ദീപക് ചഹർ,പ്രസിദ്ധ് കൃഷ്ണ,സിറാജ്,ശാർദ്ദൂൽ എന്നിവരിലാരെങ്കിലും കളത്തിലിറങ്ങും. അശ്വിനും ചഹലുമാകും സ്പിന്നർമാർ. നാലുവർഷത്തിന് ശേഷമാകും അശ്വിൻ ഏകദിനത്തിന് ഇറങ്ങുന്നത്.

ടെസ്റ്റ് പരമ്പരയിൽ സ്ഥിരതയോടെ ബാറ്റ് ചെയ്ത ടെംപ ബൗമയാണ് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ആദ്യ ടെസ്റ്റിന് ശേഷം ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച മുൻ നായകൻ ക്വിന്റൺ ഡി കോക്ക് ഏകദിന ടീമിലുണ്ട് .ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച മാർക്കോ ജാൻസൺ,കാഗിസോ റബാദ,ലുംഗി എൻഗിഡി,എയ്ഡൻ മാർക്ക്രം,റാസി വാൻഡർ ഡസൻ തുടങ്ങിയവർക്കൊപ്പം ഏകദിന സ്പെഷ്യലിസ്റ്റുകളായ ഡേവിഡ് മില്ലർ,തബാരേസ് ഷംസി എന്നിവരും ദക്ഷിണാഫ്രിക്കൻ നിരയിലുണ്ട്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ

കെ.എൽ രാഹുൽ(ക്യാപ്ടൻ),ജസ്പ്രീത് ബുംറ,ശിഖർ ധവാൻ,റിതുരാജ് ഗെയ്ക്ക്‌വാദ്,വിരാട് കൊഹ്‌ലി,ശ്രേയസ് അയ്യർ,സൂര്യകുമാർ യാദവ്,വെങ്കിടേഷ് അയ്യർ,റിഷഭ് പന്ത്,ഇഷാൻ കിഷൻ,ആർ.അശ്വിൻ,ചഹൽ,ഭുവനേശ്വർ കുമാർ,ദീപക് ചഹർ,പ്രസിദ്ധ് കൃഷ്ണ,ശാർദ്ദൂൽ താക്കൂർ,സിറാജ്,ജയന്ത് യാദവ്,നവ്ദീപ് സെയ്നി.

ദക്ഷിണാഫ്രിക്ക

ടെപ ബൗമ,കേശവ് മഹാരാജ്,ക്വിന്റൺ ഡി കോക്ക്,സുബെയ്ർ ഹംസ,മാർക്കോ ജാൻസൺ,ജാന്നേമൻ മലാൻ,സിസാന്ദ മഗാല,എയ്ഡൻ മാർക്രം,കാഗിസോ റബാദ,ഡേവിഡ് മില്ലർ,ലുംഗി എൻഗിഡി, വെയ്ൻ പാർണൽ,ആൻഡിൽ പെഹ്‌ലുക്ക്‌വായോ,ഡ്വെയ്ൻ പ്രിട്ടോറിയസ്,തബാരേസ് ഷംസി,റാസി വാൻഡർ ഡസൻ,കൈൽ വരെയനെ.

2 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

ഇന്ത്യൻ ക്യാപ്ടൻ എന്ന നിലയിൽ വിരാട് ഒരു നിലവാരം സൃഷ്ടിച്ചിട്ടുണ്ട്.അതിനൊപ്പമെത്തുകയെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. ക്യാപ്ടനായി അദ്ദേഹത്തിനൊപ്പം തുടങ്ങാൻ കഴിയുന്നത് ഭാഗ്യമാണ്.

- കെ.എൽ രാഹുൽ

5-1

2018ൽ വിരാട് കൊഹ‌്ലിക്ക് കീഴിലാണ് ഇന്ത്യ ആദ്യമായി ദക്ഷണാഫ്രിക്കൻ മണ്ണിൽ ഒരു ഏകദിന പരമ്പര നേടുന്നത്. ആറുമത്സര പരമ്പര 5-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

Advertisement
Advertisement