കാലിക്കറ്റിൽ യു.ജി.സി മാനദണ്ഡത്തിൽ മാറ്റം : സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കമെന്ന് ആരോപണം

Wednesday 19 January 2022 12:50 AM IST

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക നിയമനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിൻഡിക്കേറ്റ് മെമ്പർ ഡോ. റഷീദ് അഹമ്മദ് രംഗത്ത്. സർവകലാശാല സ്വന്തക്കാരെ നിയമിക്കാനായി യു.ജി.സി മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് ആരോപണം. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി 2018ൽ യു.ജി.സി നിശ്ചയിച്ച മാനദണ്ഡത്തിൽ സർവകലാശാല പ്രത്യേക നിബന്ധനങ്ങൾ കൂട്ടിച്ചേർത്തുവെന്നാണ് ആരോപണമുയർന്നിട്ടുള്ളത്. സംഭവത്തിൽ റഷീദ് അഹമ്മദ് സർവകലാശാല ചാൻസലർക്ക് പരാതി നൽകി.

നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് ഒരു വർഷത്തിന് ശേഷമാണ് യു.ജി.സി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്. 2019ലായിരുന്നു അപേക്ഷ ക്ഷണിച്ചത്. 2020 ഫെബ്രുവരി 15 ആയിരുന്നു അവസാന തീയതി. 2021 ഫെബ്രുവരി19ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പുതിയ സെലക്‌ഷൻ മാനദണ്ഡങ്ങൾ വൈസ് ചാൻസലർ അവതരിപ്പിക്കുകയായിരുന്നു. നിയമന നോട്ടിഫിക്കേഷൻ പുറത്തിറക്കിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്നാണ് സുപ്രീം കോടതി വിധി. ഇത് സ്വന്തക്കാരെ നിയമിക്കാനാണെന്നാണ് ആരോപണം.

വരുത്തിയ മാറ്റങ്ങൾ

യു.ജി.സി മാനദണ്ഡ പ്രകാരം ഗവേഷണ പ്രബന്ധങ്ങൾക്കും മറ്റും നിശ്ചിത മാർക്കുകൾ നിശ്ചയിച്ചിരുന്നില്ല.

മാറ്റം വരുത്തിയത് പ്രകാരം പോയന്റടിസ്ഥാനത്തിൽ മാർക്കുകൾ നിശ്ചയിച്ചു. ഒന്ന് മുതൽ 50 വരെ പോയിന്റിന് 4 മാർക്ക് വീതവും 51 മുതൽ 100 പോയന്റ് വരെ 6 മാർക്ക് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. (10 പോയിന്റ് നേടിയവരും 50 നേടിയവരും 4 മാർക്കെന്നതിലേക്ക് ചുരുക്കി.)

പ്രൊജക്ട്, കോൺഫറൻസ് പേപ്പർ, തീസിസ് പ്രൊഡക്‌ഷൻ എന്നിവയിലും സമാന സ്ഥിതിയാണ്

ഇത് നിശ്ചിത പോയിന്റ് നേടിയവർക്കടക്കം സെലക്‌ഷൻ ലഭിക്കാത്ത അവസ്ഥ വരും.

മറ്റു ആരോപണങ്ങൾ

സെലക്‌ഷൻ മാനദണ്ഡത്തിൽ മാറ്റം വരുത്തിയത് അപേക്ഷകരെ അറിയിച്ചില്ല.

ലഭിച്ച അപേക്ഷകളിലെ ഇൻഡക്സ് മാർക്ക് മനസിലാക്കിയ ശേഷം സ്വന്തക്കാരെ നിയമിക്കാനായി സിൻഡിക്കേറ്റ് യോഗത്തിൽ പുതിയ മാനദണ്ഡങ്ങൾക്കായി അനുമതി തേടുകയായിരുന്നു.

പോയന്റടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിച്ചത് സ്വന്തം ആളുകളെ തിരുകി കയറ്റാനാണ്.

മറ്റു സർവകലാശാലകളിലൊന്നും ഇത്തരത്തിലുള്ള സംവിധാനം നിലനിൽക്കുന്നില്ല. സർവകലാശാല സ്വന്തക്കാരെ നിയമിക്കാനാണ് ഇത്തരത്തിൽ മാനദണ്ഡം കൊണ്ടുവന്നത്. അപേക്ഷകർക്കിടയിൽ വലിയ വിവേചനമുണ്ടാക്കാനും അർഹരല്ലാത്തവർ തസ്തികകളിൽ കയറാനും ഇത് കാരണമാകും.

ഡോ.റഷീദ് അഹമ്മദ്

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം

Advertisement
Advertisement