മുപ്പത് അംഗങ്ങളടങ്ങിയ മൂർഖന്റെ കുടുംബം വാവ സുരേഷിന്റെ കസ്‌റ്റഡിയിൽ!
ചാരുംമൂട്: വാവ സുരേഷിന്റെ പാമ്പുപിടിത്ത ചരിത്രത്തിൽ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത പുതിയ അനുഭവത്തിനാണ് കഴിഞ്ഞ ദിവസം നൂറനാട്ടെ ജനങ്ങൾ സാക്ഷികളായത്. മുപ്പതോളം മൂർഖൻ കുഞ്ഞുങ്ങളടക്കമുള്ള വലിയ ഒരു സർപ്പ ഫാമിലിയെയാണ് വാവ സുരേഷ് കീഴ്പ്പെടുത്തിയത്.നൂറനാട് കുഴമത്ത് ജംഗ്ഷനു സമീപത്തെ പഴയ ഒരു മതിലിനുള്ളിൽ പ്രദേശവാസികളാണ് പാമ്പുകൾ ഉള്ളതായി കണ്ടെത്തിയത്.കുഴമത്ത് ജംഗ്ഷനു സമീപം പാറ - ഇടപ്പോൺ റോഡ് ക്രോസ്സ് ചെയ്യുകയായിരുന്ന പാമ്പിനു പിന്നാലെ കീരിയെ കണ്ടതിനെത്തുടർന്നുള്ള അന്വേഷണമാണ് ഇവയുടെ താവളം മനസ്സിലാക്കുവാൻ നാട്ടുകാരെ സഹായിച്ചത്.
പ്രദേശവാസികളായ ചിലർ ചേർന്ന് സർപ്പ ഫാമിലിയെ മൊത്തം പിടിക്കാനുള്ള തീവ്രശ്രമം നടത്തിയെങ്കിലും തള്ള സർപ്പം ഇവർക്ക് പിടികൊടുക്കാതെ വന്നതോടെയാണ് വാവാ സുരേഷിനെ വരുത്താൻ ഇടയായത്. സ്ഥലത്തെത്തിയ സുരേഷ് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയ ശേഷമാണ് ഇതിന്റെ മാളം പഴയ മതിൽക്കെട്ടിനു വളരെ താഴ്ചയിലാണെന്നു കണ്ടെത്തിയത്.
ജെ.സി.ബി യുടെ സഹായത്തോടെ മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാണ് തള്ള മൂർഖനെ കീഴ്പ്പെടുത്തിയത്. വാവ സുരേഷ് എത്തിയതറിഞ്ഞ് നൂറുക്കണക്കിനു നാട്ടുകാരാണ് പാമ്പുപിടിത്തം കാണാനും സെൽഫി എടുക്കാനും എത്തിയത്.ജംഗ്ഷനു വടക്ക് പടിഞ്ഞാറു ഭാഗത്തായി പഴയ ഒരു കാവ് സ്ഥിതി ചെയ്യുന്നതായും അവിടുത്തെ അന്തേവാസികളാകാം ഈ സർപ്പ ഫാമിലിയെന്നും കരുതുന്നു. ഏതായാലും സർപ്പഭയം ഒഴിഞ്ഞ സന്തോഷത്തിലാണു നാട്ടുകാർ. വിജയകരമായി പാമ്പുപിടിത്തം പൂർത്തിയാക്കിയ വാവ സുരേഷിനെ പടനിലത്തെ നല്ല കുഞ്ഞുങ്ങൾ എന്ന വാട്ട്സ് അപ് കൂട്ടായ്മ പൊന്നാട ചാർത്തി ആദരിച്ചു. വൈകിട്ട് അഞ്ചു മണിയോടു കൂടി സർപ്പ ഫാമിലിയുമായി വാവ സുരേഷ് മടങ്ങി.