സ്‌കൂളുകളിൽ വാക്‌സിന് 8.14 ലക്ഷം കുട്ടികൾ
967 സ്‌കൂളുകൾ വാക്‌സിൻ കേന്ദ്രങ്ങൾ
തിരുവനന്തപുരം: 15 മുതൽ 17 വയസു വരെ പ്രായപരിധിയിലുള്ള 8.14 ലക്ഷം വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സ്കൂളുകളിൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങും. വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായുള്ള ടാസ്ക് ഫോഴ്സിനാണ് വാക്സിന്റെ ഉത്തരവാദിത്വം. തിരുവനന്തപുരത്ത് 47 സെന്ററുൾപ്പെടെ പല ജില്ലകളിലും വാക്സിൻ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തുന്ന മുറയ്ക്ക് വാക്സിൻ നൽകിത്തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
8,31,495 പേർക്ക് (55 ശതമാനം) വാക്സിൻ നൽകിക്കഴിഞ്ഞു. 2007ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിൻ എടുക്കാം. സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ ഉറപ്പാക്കണം. 500ൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളാക്കി അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലും വെയിറ്റിംഗ് ഏരിയയും വാക്സിനേഷൻ റൂമും ഒബ്സർവേഷൻ റൂമും ഉണ്ടായിരിക്കും.
മറ്റ് ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പ് വരുത്തും. തുടർന്ന് വാക്സിൻ സ്വീകരിക്കാം.
ഒരോ കേന്ദ്രത്തിലും ഡോക്ടറുടെ സേവനം.
ഒബ്സർവേഷൻ റൂമിൽ 30 മിനിറ്റ് നിരീക്ഷണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എ.ഇ.എഫ്.ഐ (Adverse Events Following Immunization) മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലും.
ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഉറപ്പാക്കും.
ആരോഗ്യവകുപ്പിലെ ഒരു മെഡിക്കൽ ഓഫീസർ, വാക്‌സിനേറ്റർ, സ്റ്റാഫ് നഴ്‌സ്, സ്‌കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷൻ ടീം.
സ്‌കൂളുകൾ വാക്‌സിനേഷൻ കേന്ദ്രമാകാത്ത സ്ഥലങ്ങളിൽ നിലവിലെ ആരോഗ്യവകുപ്പ് സംവിധാനം. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയാകും ഇവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് വാക്‌സിൻ ലഭ്യമാക്കുക.
സമയം
രാവിലെ 9 മണി മുതൽ വൈകിട്ട് 3 വരെ. (സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് മാറ്റം വന്നേക്കാം.)
''വാക്സിൻ നൽകാൻ ആരോഗ്യവകുപ്പ് സജ്ജമാണ്. ഇൗ പ്രായത്തിലുള്ളവർ
വാക്സിൻ എടുത്തെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.
- മന്ത്രി വീണാ ജോർജ്