കൈറ്റ് വിക്ടേഴ്സിൽ 21മുതൽ പുതിയ സമയക്രമം

Wednesday 19 January 2022 2:14 AM IST

 പ്ലസ് ടുവിന് എട്ട് ക്ലാസുകൾ

 പത്താം ക്ലാസ് ഫെബ്രുവരി ആദ്യവും പ്ലസ് ടു അവസാന വാരവും പൂർത്തിയാകും
 പൊതുപരീക്ഷയ്ക്ക് മുമ്പ് റിവിഷൻ ക്ലാസുകളും ലൈവ് ഫോൺ ഇൻ സംശയനിവാരണവും

തിരുവനന്തപുരം: വിക്ടേഴസിൽ 21 മുതലുള്ള വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ളാസിന്റെ (ഫസ്റ്റ് ബെൽ 2.0) പുതുക്കിയ സമയക്രമം കൈറ്റ് ( കേരള ഇൻഫ്രാസ്ട്രചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) പ്രസിദ്ധീകരിച്ചു. കൈറ്റിൽ സംപ്രേഷണം ചെയ്യുന്ന ഓരോ ക്ലാസും അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽ (www.firstbell.kite.kerala.gov.in) ലഭ്യമാകും.

പത്താം ക്ലാസിന് രാത്രി 9.30 മുതൽ പുനഃസംപ്രേഷണം ഉണ്ടാകും. മറ്റ് ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം ഉണ്ടാകും. പ്ലസ് വണ്ണിന് വൈകുന്നേരം 6 മുതലും പ്ലസ് ടുവിന് രാവിലെ 8.30മുതലും പത്താം ക്ലാസിന് രാവിലെ 7മുതലും പുനഃസംപ്രേഷണമുണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടുവരെ ക്ലാസുകൾ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതൽ 4.30 വരെയും ഒൻപതാം ക്ലാസ് 5മണിക്കും ആണ് പുനഃസംപ്രേഷണം.

ഫെബ്രുവരി ആദ്യവാരം പത്തിന്റെയും അവസാനവാരം പ്ലസ് ടുവിന്റെയും ക്ലാസുകൾ പൂർത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുൾപ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷൻ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ ഇൻ പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾ ഏപ്രിൽ മാസത്തോടെയും പ്ലസ് വൺ ക്ലാസുകൾ മെയ് മാസത്തോടെയും പൂർത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തും.രണ്ടു ചാനലിലും വൈകിട്ട് 7.30 മുതൽ 9.30 വരെ പൊതുപരിപാടി ആയിരിക്കും.

 കൈറ്റ് വിക്ടേഴ്സിൽ

പ്ലസ് വണ്ണിന് രാവിലെ7മുതൽ 8.30വരെ മൂന്ന് ക്ലാസുകൾ

പ്ലസ് ടുവിന് വൈകിട്ട് 3.30 മുതൽ 7.30വരെ എട്ടു ക്ലാസുകൾ

സമയം ക്ളാസ്

രാവിലെ 8.30ന് പ്രീപ്രൈമറി ക്ലാസുകൾ (കിളികൊഞ്ചൽ)

രാവിലെ 9 ന് 1

9.30 2

10 3

10.30 4

11 5

11.30 6

ഉച്ചയ്ക്ക് 12 7

12.30 8

1 മുതൽ 2 വരെ 9 (രണ്ട് ക്ളാസുകൾ)

2 മുതൽ 3.30 വരെ 10 (മൂന്നു ക്ളാസുകൾ)