തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു, ജനങ്ങളുടെ ജീവൻ വച്ചു കളിക്കരുതെന്ന്  രമേശ് ചെന്നിത്തല 

Wednesday 19 January 2022 4:33 PM IST

തിരുവനന്തപുരം : കൊവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കൊവിഡ് എന്ന ഭയാനകമായ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സംസ്ഥാനത്ത് ടി.പി.ആർ നിരക്ക് 35.27% ആയപ്പോൾ തിരുവനന്തപുരത്ത് അത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായ 47.8%. ആണ്.

തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു . പക്ഷേ സർക്കാർ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും നാളെ ചേരാൻ ഇരിക്കുന്നതേയുള്ളൂ. സർക്കാർ ജനങ്ങളെ പൂർണമായും കൈവിട്ടിരിക്കുകയാണ്. ഈ മഹാമാരി കാലത്ത് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി നിൽക്കുന്നു.

സി.പി.എമ്മിന്റെ സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് മൂന്നാം തരംഗത്തിന്റെ തുടക്കം കണ്ടിട്ടും സർക്കാർ നിയന്ത്രണങ്ങളിലേക്ക് കടക്കാതിരുന്നത്. ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മും വരുത്തി വച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.


കൊവിഡ് ജനങ്ങളെ വിഴുങ്ങുമ്പോൾ മെഗാ തിരുവാതിര നടത്തി രസിക്കുകയായിരുന്നു ഭരണക്കാർ.

കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും സ്‌കൂളുകളും കോളേജുകളും അടയ്ക്കാത്തതിന് കേരളം വലിയ വിലയാണ് നൽകേണ്ടി വന്നിരിക്കുന്നത്. പല സ്‌കൂളുകളും കോളേജുകളും ക്ലസ്റ്ററുകളായി രൂപപ്പെട്ടിരിക്കുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഈ മാസം 25 നാണ്. അതിന് വേണ്ടിയാണ് കോളേജുകൾ പൂട്ടാതിരുന്നത്.

ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കൊവിഡിന്റെ മറവിൽ വൻ കൊള്ളയടിയാണ് സർക്കാർ നടത്തിയത്. അതിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അഴിമതിയുടെ ഫയലുകൾ അപ്പാടെ നശിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ജനങ്ങളുടെ ജീവൻ വച്ചു കളിക്കരുത്. സർക്കാർ ഇനിയെങ്കിലും ഉണർന്നു യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisement
Advertisement