ഇപ്പോൾ ആശുപത്രിയിലാണ്, പ്രദേശത്തെ കാലാവസ്ഥയല്ലാതെ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്ന് ഓൺലൈനിൽ അമേരിക്കയിൽ നിന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ ഓൺലൈനായി പങ്കെടുത്തു. ഈ അവസരത്തിൽ അമേരിക്കയിലെ തന്റെ അവസ്ഥ അദ്ദേഹം മന്ത്രിമാരുമായി പങ്കുവച്ചു. ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്. പ്രദേശത്ത് കാലാവസ്ഥ മൈനസ് ഒൻപത് ഡിഗ്രിയാണെന്നും, ഇതല്ലാതെ തനിക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ സ്ഥിതി തൃപ്തികരമാണ്, ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലിരുന്നു ഓൺലൈനായി നിയന്ത്രിക്കുന്ന ആദ്യ സംസ്ഥാന മന്ത്രിസഭായോഗമാണ് ഇന്ന് ചേർന്നത്. മന്ത്രിസഭായോഗത്തിന്റെ അജൻഡ നോട്ടുകളും ഫയലുകളുമെല്ലാം ഇ ഫയലിംഗ് സംവിധാനം വഴി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
എന്നാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ കുറവ് വന്നത് ആശ്വാസകരമാണ്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് നാളെ ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും. ആൾക്കൂട്ടം തടയുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചാവും പ്രധാനമായും ചർച്ചചെയ്യുക.