'റൺവേ'യിൽ ഇനി പൊന്ന് വിളയും

Thursday 20 January 2022 12:45 AM IST
ആറൻമുള പുഞ്ചയിലെ വെള്ളം പെട്ടിയുംപറയും സ്ഥാപിച്ച് ചാലിലൂടെ ഒഴുക്കിക്കളയുന്നു

പത്തനംതിട്ട : ഉപേക്ഷിക്കപ്പെട്ട ആറൻമുള വിമാനത്താവളം പദ്ധതിയിൽ റൺവേ വിഭാവനം ചെയ്തിരുന്ന പുഞ്ചയിൽ നെൽകൃഷി തുടങ്ങുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ആറൻമുള പുഞ്ചയിൽ വിത നടക്കാൻ പോകുന്നത്. പമ്പാനദിയുടെ ജലസംഭരണിയായ പുഞ്ചയിൽ മൂന്നാൾപൊക്കത്തിലേറെ വെള്ളമുണ്ട്. കുട്ടനാട്ടിൽ നിന്ന് പെട്ടിയുംപറയും എത്തിച്ച് പുഞ്ചയിലെ പായൽ നിറഞ്ഞ വെള്ളം ആറൻമുള ചാലിലൂടെ കരിമാൻതോട് വഴി വലിയതോട്ടിലെത്തിച്ച് പമ്പയിലേക്ക് ഒഴുക്കാൻ തുടങ്ങി. ഇന്നലെ ഒരടിയോളം വെള്ളം താഴ്ന്നു. പുഞ്ചയുടെ അടിത്തട്ട് തെളിയാൻ കുറഞ്ഞത് ഒന്നര ആഴ്ചയെങ്കിലും പകലും രാത്രിയിലും വെള്ളം പമ്പുചെയ്യണം. മല്ലപ്പുഴശേരി, ആറൻമുള പഞ്ചായത്തുകളിലായി 300 ഏക്കർ പാടശേഖരമാണ് പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 200 ഏക്കറിൽ വിതയ്ക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. എന്നാൽ, 300 ഏക്കറിലും കൃഷി ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച മണിരത്ന വിത്താണ് വിതയ്ക്കുന്നത്. നൂറ് ദിവസം കഴിഞ്ഞ് കൊയ്തെടുക്കാം. ആറൻമുള പാടശേഖര സമിതിയിലും തെച്ചിക്കാവ് തൂമ്പൊടി പാടശേഖര സമിതിയിലുമായി അൻപതോളം കർഷകരുണ്ട്. വിത്ത്, വളം, നിലം ഉഴുത് ഒരുക്കൽ എന്നിവയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പ് വിലയ്ക്ക് വാങ്ങിയ പുഞ്ചയിലും കൃഷി ചെയ്യാനാണ് കർഷകരുടെ തീരുമാനം. ഉടമ ആരാണെങ്കിലും തരിശ് നിലത്ത് നെൽകൃഷി ചെയ്യാൻ കർഷകർക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. സ്ഥലം വിമാനത്താവള കമ്പനിക്കായി പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ല.

മുളയ്ക്കൽ, തെച്ചിക്കാവ്, തൂമ്പൊടി, പന്നിവേലിമൂല, മുണ്ടൻകുളം, ആറൻമുള പാടശേഖരങ്ങൾ ചേർന്നതാണ് ആറൻമുള പുഞ്ച. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് മുൻകൈയെടുത്താണ് നെൽകൃഷി പുനരാരംഭിക്കുന്നത്. വിമാനത്താവള വിരുദ്ധസമരത്തിന് നേതൃത്വം നൽകിയ കവയിത്രി സുഗതകുമാരി ആറൻമുള പുഞ്ചയിൽ നെൽകൃഷി തുടങ്ങണമെന്ന് നിർദേശിച്ചിരുന്നു. സമരസമിതിയുടെ നേതൃത്വത്തിലുണ്ടായിരുന്നയാളാണ് പി.പ്രസാദ്.

ഒാർമകളിലെ കൊയ്ത്ത് കാലം

കാളകളെയും കൊണ്ട് ചെളിനിറഞ്ഞ പാടം ഉഴുതുമറിച്ചതിന്റെ ഒാർമ്മകളിൽ ആറൻമുള പാപ്പാട്ടുതറയിൽ ദിവാകരന്റെയും സമീപവാസിയായ ഗോപാലകൃഷ്ണന്റെയും മുഖത്ത് സന്തോഷം നിറഞ്ഞു. 21വർഷം മുൻപാണ് ദിവാകരനും ഗോപാലകൃഷ്ണനും അവസാനമായി ആറൻമുള പുഞ്ചയിൽ ഇറങ്ങിയത്. പതിനഞ്ചാംവയസിൽ ഇരുവരുടെയും ദേഹത്ത് ചേറുമണം പറ്റിയതാണ്. ആറൻമുള പുഞ്ചയിൽ വീണ്ടും നെൻമണികൾ കാറ്റിലാടുന്ന കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ഇരുവരും. നിലം ഉഴാൻ ഇപ്പോൾ ട്രാക്ടർ ഉപയോഗിക്കുന്നു. പുഞ്ചയിൽ ഇത്തവണയും കൃഷിക്കിറങ്ങുമെന്ന് ദിവാകരനും ഗോപാലകൃഷ്ണനും പറഞ്ഞു.

'' തുടക്കത്തിൽ നൂറ് ഏക്കറിൽ കൃഷി ചെയ്യാനുള്ള വിത്ത് ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിത്ത് ലഭിക്കുന്ന മുറയ്ക്ക് കൃഷി വിപുലപ്പെടുത്തും.

കെ.എസ്.പ്രദീപ്, സ്പെഷ്യൽ ഒാഫീസർ.

നെൽക്കൃഷി 200 ഏക്കറിൽ

Advertisement
Advertisement