പൊലീസിന്റെ 'വീര്യം ചോർത്തി', ഗുണ്ടകൾക്ക് ഉശിരായി

Thursday 20 January 2022 12:55 AM IST

തിരുവനന്തപുരം: ഇൻസ്പെക്ടർ മുതൽ എ.ഡി.ജി.പി വരെ പലതട്ടുകളിലെ മേൽനോട്ട സംവിധാനം പൊളിച്ചടുക്കി പൊലീസിനെ നിർവീര്യമാക്കിയതാണ് ഗുണ്ടകൾ തഴച്ചുവളരാനിടയാക്കിയത്.

ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടു. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവരെ സ്റ്റേഷനിൽ എസ്.ഐ ജോലി ചെയ്യിക്കുന്നു. ഗുണ്ടകളെ ഓടിച്ചിട്ടു പിടിച്ചിരുന്ന 'ചോരത്തിളപ്പുള്ള ' എസ്.ഐമാർ ഗതാഗതം നിയന്ത്രിച്ചും വി.ഐ.പി ഡ്യൂട്ടി ചെയ്തും കഴിയുന്നു.

രണ്ട് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമായിരുന്നു. അത് ഇല്ലാതായതോടെ സ്റ്റേഷനുകളുടെ പ്രവർത്തനം തോന്നുംപടിയാണ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങൾ പോലും മിക്കയിടത്തുമില്ല. ഗുണ്ടാനിയമം ചുമത്താൻ 7വർഷത്തെ കേസ് ചരിത്രം വേണം. ഇത് മിക്കയിടത്തുമില്ല. സ്റ്റേഷനുകളിൽ സ്‌ക്വാഡുണ്ടാക്കി ഗുണ്ടകളെ ഒതുക്കാൻ ഡി.ജി.പി അനിൽകാന്ത് പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' പരാജയപ്പെട്ടത് ഏകോപനവും മേൽനോട്ടവും പിഴച്ചതിനാലാണ്.

രണ്ടും മൂന്നും എസ്.ഐമാരും അരഡസനിലേറെ ഗ്രേഡ് എസ്.ഐമാരും സ്റ്റേഷനുകളിലുണ്ട്. സ്റ്റേഷൻ ഭരണം നഷ്ടമായ എസ്.ഐമാർ ഉശിരുകാട്ടുന്നില്ല. ഒൻപത് സ്റ്റേഷനുകൾക്ക് ഒരു ഡിവൈ.എസ്.പി ഉണ്ടെങ്കിലും മേൽനോട്ടം പേരിനുമാത്രം. സ്റ്റേഷനുകളിൽ ഡിവൈ.എസ്.പിമാരുടെ മിന്നൽപരിശോധന ഇല്ലാതായി. ഗുണ്ടാലിസ്റ്റും കാപ്പചുമത്തലും ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ അല്ലാതായി.

പൊളിച്ചടുക്കിയ മേൽനോട്ടം

 നാല് പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേൽനോട്ടത്തിന് സോണൽ ഐ.ജിമാരും അതിനുമേൽ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു.

 ഈ മേൽനോട്ട സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചു.

 റേഞ്ചിൽ ഡി.ഐ.ജിമാരെ നിയമിച്ചു.

 സോണൽ ഐ.ജിമാർക്ക് സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി.

 മേഖലാ എ.ഡി.ജി.പിമാരെ ഇല്ലാതാക്കി

 മൊത്തം ക്രമസമാധാന ചുമതല ഒറ്റ എ.ഡി.ജി.പിക്ക് നൽകി.

 ഈ ചുതലയുള്ള വിജയ് സാക്കറെ പൊലീസ് ആസ്ഥാനത്താണ്

 ഇതോടെ ജില്ലകൾ എസ്.പിമാരുടെ സാമ്രാജ്യമായി.

 രേഖകൾ കൃത്യമാവണം

രേഖകളെല്ലാം കൃത്യമല്ലെങ്കിൽ ഗുണ്ടാനിയമം ചുമത്തി കരുതൽ തടങ്കലിലാക്കാനാവില്ല. കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കാനും അവർ സ്വന്തംജില്ലയിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കാനും സംവിധാനമില്ല. കോട്ടയത്ത് നാടുകടത്തപ്പെട്ട ഗുണ്ടയാണ് മൃതദേഹം സ്റ്റേഷനിൽ കൊണ്ടിട്ടത്.

സ്ഥാനക്കയറ്റത്തിന് കുറുക്കുവഴി

 കേസുകളും അധികാരപരിധിയും ജനസംഖ്യയും പൊലീസുകാരുടെ തസ്തികയും കൂടുതലുള്ള 200 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കാനുള്ള ശുപാർശ അട്ടിമറിച്ചാണ് 468സ്​റ്റേഷനുകളിലും പരിഷ്കാരം നടപ്പാക്കിയത്.

 243എസ്.ഐമാർക്ക് ഒറ്റയടിക്ക് സ്ഥാനക്കയറ്റം കിട്ടി. ഇവരുടെ ജൂനിയർ ബാച്ച് നാലുവർഷം കൊണ്ട് ഇൻസ്പെക്ടർമാരായി. ക്രമസമാധാന പാലനവും കുറ്റാന്വേഷണവും വേർതിരിക്കുന്ന പരിഷ്കാരം ഫലംകണ്ടതുമില്ല.

 കേസുകളുടെ അടിസ്ഥാനത്തിൽ എ, ബി, സി കാറ്റഗറി സ്റ്റേഷനുകളുണ്ട്. സി-കാറ്റഗറിയിൽ ഇൻസ്പെക്ടറെ മാറ്റി എസ്.ഐയെ എസ്.എച്ച്.ഒ ആക്കാനാണ് നീക്കം.

Advertisement
Advertisement