ബോർഡുകളിലും ബാനറുകളിലും ഏജൻസിയുടെയും പ്രസിന്റെയും വിലാസം നിർബന്ധം: ഹൈക്കോടതി

Thursday 20 January 2022 12:03 AM IST

കൊച്ചി: പൊതുസ്ഥലങ്ങളിലെ ബോർഡുകളിലും ബാനറുകളിലും അവ തയ്യാറാക്കിയ പരസ്യ ഏജൻസിടെയും പ്രസ്സിന്റെയും വിലാസവും ഫോൺ നമ്പരും ശ്രദ്ധയിൽപ്പെടുംവിധം രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമലംഘനം കണ്ടാൽ അധികൃതർക്ക് നടപടിയെടുക്കാനാണ് ഈ നിർദ്ദേശമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നിയമലംഘനമുണ്ടെങ്കിൽ പരസ്യ ഏജൻസിയുടെയും പ്രസ്സിന്റെയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കാം. പൊതുസ്ഥലത്തെ അനധികൃത ബാനറുകളും ബോർഡുകളും നീക്കണമെന്ന ഹർജികളിലാണ് ഇടക്കാല ഉത്തരവ്.

കോടതി ഉത്തരവു വരുമ്പോൾ മാത്രമാണ് അനധികൃത ബോർഡുകളും കൊടിതോരണങ്ങളും നീക്കാനുള്ള നടപടികൾ ഉണ്ടാവുന്നതെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. തുടർ നടപടിയുണ്ടാവുന്നില്ല. രാഷ്ട്രീയ സ്വാധീനമാണിതിനു പിന്നിൽ. 25-ാളം ഉത്തരവുകൾ ഈ വിഷയത്തിൽ നൽകിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 21ന് ഹർജികൾ വീണ്ടും പരിഗണിക്കും.

മറ്റു നിർദ്ദേശങ്ങൾ

 പൊതുസ്ഥലത്തെ അനധികൃത ബാനറുകളും ബോർഡുകളും കൊടിതോരണങ്ങളും 30 ദിവസത്തിനകം നീക്കംചെയ്യും വിധം തദ്ദേശഭരണ സെക്രട്ടറിമാർ നടപടി എടുക്കണം.

 ഇതിനായി പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർ മൂന്നു ദിവസത്തിനകം സർക്കുലർ ഇറക്കണം.

 നിശ്ചിത സമയത്തിനുശേഷവും ഇവ നീക്കാനായില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിയുണ്ടാവും.

 ബോർഡുകളും ബാനറുകളും സ്ഥാപിക്കാൻ തദ്ദേശഭരണ സ്ഥാപനത്തിന്റെ അനുമതി വാങ്ങണം. കോടതിയുത്തരവോ റോഡ് സുരക്ഷാ കമ്മിഷന്റെ ഉത്തരവോ മറികടന്ന് ഇവ സ്ഥാപിക്കരുത്.

Advertisement
Advertisement