പൊ​ലീ​സ് ​അ​ഴി​ക്കും ഇ​ട​പ്പ​ള്ളി​യി​ലെ​ ​കുരു​ക്കും

Thursday 20 January 2022 12:14 AM IST

കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗത പരിഷ്കാരം ക്ലിക്കായതോടെ ഇതേ മാതൃക ഇടപ്പള്ളിയിലും പരീക്ഷിക്കാൻ ഒരുങ്ങി കൊച്ചി സിറ്റി പൊലീസ്. പ്രാഥമിക നടപടികൾ ആരംഭിച്ചു. ഇന്ന് വിവിധ ഏജൻസികൾ പ്രത്യേക യോഗം ചേർന്ന് സ്ഥിതഗതികൾ വിലയിരുത്തും. വാഹനം വഴിതിരിച്ച് വിടുന്നതിന്റെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് യോഗത്തിൽ ചർച്ച ചെയ്യും. എത്രയും വേഗം പരിഷ്കാരം നടപ്പിലാക്കുകയാണ് ഈസ്റ്റ് ട്രാഫിക് പൊലീസിന്റെ ലക്ഷ്യം. ഇളവുകൾക്ക് പിന്നാലെ കൂടുതൽ ആളുകൾ വാഹനങ്ങളുമായി നഗരത്തിലേക്ക് എത്തിയതോടെയാണ് മേൽപ്പാലും വന്നിട്ടും ഇടപ്പള്ളിയിലും ഗതാഗതക്കുരുക്ക് ഏറിയത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ ബ്ലോക്ക് ഇല്ലാത്തവിധം ഒരാഴ്ച വഴിതിരിച്ച് വിടാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ രാത്രിയിലായിരിക്കും നിയന്ത്രണം. പദ്ധതി വിജയിച്ചാൽ ഇത് രാവിലെയും നടപ്പിലാക്കും. അതേസമയം, വൈറ്റിലയിലെ കുരുക്കഴിക്കാനുള്ള ട്രാഫിക് പരിഷ്‌കാരങ്ങൾക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ പോലും സിഗ്നലിനായി കാത്ത് നിൽക്കേണ്ടിവരുന്നില്ല. പാലാരിവട്ടം ഭാഗത്തു നിന്നു കടവന്ത്ര ഭാഗത്തേക്കു പോകേണ്ട കുറച്ചു വാഹനങ്ങൾ ട്രാഫിക് മാറ്റം അറിയാതെ വൈറ്റില ജംക്ഷനിൽ എത്തുന്നുണ്ട്. ഇതു കൂടി ഒഴിവാക്കിയാൽ ഗതാഗതം സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ട്രാഫിക് മാറ്റം ഗുണകരമാണെന്നാണ് സിറ്റി പൊലീസിന്റെ വിലയിരുത്തൽ. 16നാണ് വൈറ്റിലയിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കിയത്.

ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തും. ഇതിനായി വിവിധ ഏജൻസികളുടെ യോഗം ഇന്ന് ചേരും. വൈറ്റിലയിൽ ഏർപ്പെടുത്തിയ ഗതാഗത പരിഷ്‌കാരം തുടരും
വി.യു. കുര്യാക്കോസ്
ഡെപ്യൂട്ടി കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്

Advertisement
Advertisement