സർവേ നടത്തും മുൻപ് ഡി പി ആർ തയ്യാറാക്കിയോ; കെ റെയിലിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Thursday 20 January 2022 11:37 AM IST
കൊച്ചി: കെ റെയിൽ ഡി പി ആർ തയ്യാറാക്കും മുൻപ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. എല്ലാ നിയമങ്ങളും പാലിച്ചേ മുന്നോട്ട് പോകാനാവൂ. കെ റെയിലിൽ പ്രാഥമിക സർവേ എന്നാണ് ആദ്യം പറഞ്ഞത്. എന്നിട്ടും എന്തിനാണ് ഡിപിആർ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു.
സർവേ നടത്തും മുൻപ് ഡി പി ആർ തയ്യാറാക്കിയോ എന്നും കോടതി ആരാഞ്ഞു. ഏരിയൽ സർവേ പ്രകാരമാണ് ഡി പി ആർ തയ്യാറാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർവേ ഇപ്പോഴും നടക്കുകയാണ്. റിമോട്ട് സെൻസിംഗ് ഏജൻസി വഴിയാണ് ഏരിയൽ സർവേ നടത്തിയത്. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയെന്നും സർക്കാർ വ്യക്തമാക്കി.
കെ റെയിൽ ഡി പി ആറിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റെയിൽവേ പറയുന്നത്. വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു.