നാലാംഗേറ്റ് കടന്നാൽ 'പാതാളം ', സൂക്ഷിച്ചോ...

Friday 21 January 2022 12:02 AM IST
നാലാം ഗേറ്റിന് സമീപം റോഡിലെ അപകടകരമായ കുഴി

കോഴിക്കോട്: റെയിൽവേ ഗേറ്റ് കടക്കുന്നതേ ശ്രമകരം, കടന്നാലോ ചാടുന്നത് പാതാളക്കുഴിയിൽ. കോഴിക്കോട് നാലാം ഗേറ്റിലാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ദിവസം ഒരച്ഛനും മകളും കുഴിയിൽ വീണതോടെയാണ് റോഡിന്റെ ശോച്യാവസ്ഥ വീണ്ടും ചർച്ചയായത്. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.
നഗരത്തിൽ വൈ.എം.സി.എ ക്രോസ് റോഡിന് തൊട്ടടുത്താണ് നാലാംഗേറ്റ്. ഇതുവഴി കടന്നുപോകുന്ന പി.ടി.ഉഷ റോഡാണ് കുഴിനിറഞ്ഞ് കുരുക്കായിരിക്കുന്നത്. കേരളത്തിന്റെ അഭിമാന സ്തംഭമാണ് റോഡെങ്കിലും മരണം മണക്കുന്ന വഴിയായിട്ടുണ്ട്.
ബീച്ച്, കോർപ്പറേഷൻ ഓഫീസ്, ബീച്ച് ആശുപത്രി, ഗേറ്റ് വേ ഹോട്ടൽ എന്നിവിടങ്ങളിലേക്ക് നഗരത്തിൽ നിന്ന് എളുപ്പത്തിൽ എത്താൻ കഴിയുന്ന വഴിയായതിനാൽ തിരക്കേറിയ റെയിൽവേ ഗേറ്റുകൂടിയാണിത്. ഈ ഗേറ്റ് കടക്കുന്നിടത്താണ് വഴിമുടക്കിയായി കുഴികളും. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഗേറ്റും പരിസരവും പണ്ടേ ദുരിതത്തിന്റെ കൊടുമുടിയാണ്. ഗേറ്റ് തുറന്നാൽ വാഹനത്തിന്റെ തള്ളിക്കയറ്റമാണ്. റോഡ് തകർന്നതോടെ ദീർഘനേരം വേണം ഇരുവശവുമെത്താൻ. ഇടുങ്ങിയ റോഡായതിനാൽ കുഴിയിൽ ചാടാതെ വയ്യ. പരിസരവാസികൾ അപകടകരമായ കുഴിയുടെ പടമെടുത്ത് പൊതുമരാമത്ത് മന്ത്രിയുടെ വാട്‌സ് ആപ്പിൽ അയച്ചിട്ടും പരിഹാരം കണ്ടില്ലെന്ന ആരോപണമുണ്ട്.

Advertisement
Advertisement