ഐ.സി.സി. ടെസ്റ്റ് ഇലവനിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

Thursday 20 January 2022 11:08 PM IST

ദുബായ്: കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ലോക ഇലവനിൽ ഇന്ത്യയിൽ നിന്ന് മൂന്ന് താരങ്ങൾ ഇടം നേടി. രോഹിത് ശർമ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങളാണ് കേൻ വില്യംസൺ നയിക്കുന്ന ടീമിലുള്ളത്. അതേസമയം ഏകദിന,ട്വന്റി-20 ടീമുകളിൽ ഇന്ത്യക്കാർ ആരും ഇടം നേടിയില്ല. വനിതകളുടെ ലോക ഏകദിന ടീമിൽ ഇന്ത്യയിൽ നിന്ന് മിഥാലി രാജും ജുലാൻ ഗോസ്വാമിയും സ്ഥാനം കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഹീത്തർ നൈറ്റാണ് നായിക.

ടെസ്റ്റ് ടീമിൽ പാകിസ്ഥാനിൽ നിന്നും മൂന്ന് താരങ്ങൾ ടീമിലിടം നേടി. ന്യൂസിലാൻഡിൽ നിന്ന് രണ്ട് താരങ്ങളും ശ്രീലങ്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരും ഇടം നേടി. ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെയും രോഹിതുമാണ് ഓപ്പണർമാർ. വൺഡൗണായി ആസ്‌ട്രേലിയയുടെ മാർനസ് ലബൂഷേൻ വരും. നാലാമനായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും അഞ്ചാമനായി വില്യംസണും കളിക്കും. ആറാമനായി പാകിസ്താന്റെ ഫവാദ് ആലം ഇടം നേടിയപ്പോൾ ഏഴാമനായി ഋഷഭ് പന്ത് കളിക്കും. അശ്വിൻ, ന്യൂസിലാൻഡിന്റെ കൈൽ ജാമിസൺ, പാകിസ്ഥാന്റെ ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരാണ് ബൗളർമാർ.

പാക് താരം ബാബർ അസം നയിക്കുന്ന പുരുഷന്മാരുടെ ലോക ഏകദിന ടീമിൽ പോൾ സ്‌റ്റെർലിംഗ്(അയർലാൻഡ്), ജാനേമാൻ മാലാൻ (ദക്ഷിണാഫ്രിക്ക), ഫഖർ സമാൻ (പാകിസ്ഥാൻ), റാസി വാൻ ഡെർ ഡ്യൂസൻ (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), മുഷ്ഫിഖുർ റഹീം (ബംഗ്ലാദേശ്), വാനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്താഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), സിമി സിംഗ് (അയർലാൻഡ്), ദുഷ്മന്ത ചമീര (ശ്രീലങ്ക) എന്നീ താരങ്ങൾ അണിനിരക്കുന്നു.

Advertisement
Advertisement