റെയിൽവേ യോഗം വഴിപാടല്ലേ ? എം.കെ.രാഘവൻ എം.പി

Friday 21 January 2022 12:09 AM IST
എം.കെ.രാഘവൻ

കോഴിക്കോട്: റെയിൽവേ ബഡ്‌ജറ്റ് സമ്മേളനത്തിന് മുമ്പ് എം.പി മാരെ വിളിച്ചുചേർത്തുള്ള യോഗം തീർത്തും വഴിപാടായി മാറുകയല്ലേ എന്ന് എം.കെ.രാഘവൻ എം.പി.

യാത്രക്കാർക്ക് പ്രയോജനകരമാവുന്ന എം.പി മാരുടെ നിർദ്ദേശങ്ങളിൽ 99 ശതമാനവും റെയിൽവേ തള്ളിക്കളയുന്ന സാഹചര്യമാണെന്ന് ഇന്നലെ സതേൺ റെയിൽവേ അഡിഷണൽ ജനറൽ മാനേജർ ഓൺലൈനായി ഒരുക്കിയ യോഗത്തിൽ എം.കെ.രാഘവൻ ചൂണ്ടിക്കാട്ടി. ബംഗളൂരു - കണ്ണൂർ എക്‌സ്‌പ്രസ് കോഴിക്കോട് വരെ നീട്ടുന്നതിനായി സമർപ്പിച്ച നിർദ്ദേശം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനമുയർത്തിയത്. സൗത്ത് വെസ്റ്റേൺ റെയിൽവെ സമ്മതിച്ചിട്ടും, കോഴിക്കോട് വരെയെത്തി തിരിച്ചു പോകാനുള്ള സമയം ലഭ്യമായിട്ടും പ്ലാറ്റ്‌ഫോം അഭാവം എന്ന ന്യായം പറഞ്ഞ് നിർദ്ദേശം തള്ളുകയായിരുന്നുവെന്നും രാഘവൻ പറഞ്ഞു. ഈ നിർദ്ദേശം പുന:പരിശോധിക്കാമെന്നു യോഗത്തിൽ അഡിഷണൽ ജനറൽ മാനേജർ ഉറപ്പ് നൽകി. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം ഒന്നും രണ്ടും ഉയർത്തുമെന്നും വ്യക്തമാക്കി.

മംഗലാപുരം - ഷൊർണൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയായിട്ടുപോലും ഒരു മെമു സർവീസ് മാത്രമെ ഇപ്പോഴുള്ളു. മംഗലാപുരത്തെ പിറ്റ് ലൈൻ പ്രവൃത്തി പൂർത്തീകരിച്ചാൽ ബംഗളൂരുവിൽ നിന്നു പാലക്കാട് വഴി മംഗലാപുരത്തേക്ക് പുതിയ സർവിസും യാഥാർത്ഥ്യമാക്കാനാവും. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ ലഭ്യമാക്കിയ മറുപടി യുക്തിപരമാണോ എന്നു സ്വയം വിലയിരുത്തണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

പുതിയ ടെയിനുകൾ ആവശ്യപ്പെടുമ്പോൾ അറ്റകുറ്റപ്പണിയ്ക്കുള്ള സൗകര്യങ്ങളില്ലെന്നായിരിക്കും മറുപടി. പിറ്റ് ലൈൻ നിർമ്മിക്കാൻ ആവശ്യപ്പെട്ടാൽ നാച്ചുറൽ ടെർമിനലുകൾ ഇല്ലെന്നാവും പ്രതികരണം. എന്നാൽ നാലിടങ്ങളിൽ പിറ്റ് ലൈനുള്ള തിരുവനന്തപുരം ഉൾപ്പെടെ മറ്റു ഡിവിഷനുകൾക്ക് ഇത് ബാധകമല്ലേ ?. എം.പി ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

ഉന്നയിച്ച വിഷയങ്ങളിൽ അടിയന്തര പരിഗണനയുണ്ടായില്ലെങ്കിൽ സതേൺ റെയിൽവേ ആസ്ഥാനത്ത് സമരമിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisement
Advertisement