മാഞ്ചസ്റ്റർ വിജയ വഴിയിൽ

Thursday 20 January 2022 11:12 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്‌ഫോഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് വിജയം.യുണൈറ്റഡ് രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും നേടിയത്.

55-ാം മിനിട്ടിൽ ഫ്രെഡിന്റെ പാസിൽ നിന്ന് യുവതാരം ആന്റണി എലാംഗയാണ് ആദ്യം സ്‌കോർ ചെയ്തത്. 62-ാം മിനിട്ടിൽ മാസൺ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് രണ്ടാം ഗോൾ നേടി. 77-ാം മിനിട്ടിൽ മാർക്കസ് റാഷ്‌ഫോർഡിലൂടെയാണ് പട്ടിക തികച്ചത്. 85-ാം മിനിട്ടിൽ ഒരു ലോംഗ് ത്രോയിൽ നിന്ന് ഇവാൻ ടോണിയാണ് ബ്രെന്റ്‌ഫോഡിന്റെ ആശ്വാസ ഗോൾ നേടിയത്.

ജയത്തോടെ ലീഗിൽ 21 മത്സരങ്ങളിൽ നിന്ന് 35 പോയന്റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ഇൻജുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ നേടിയ രണ്ട് ഗോളുകളിലൂടെ ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ 3-2ന് തോൽപ്പിച്ച് സ്വന്തം ആരാധകരെപ്പോലും ഞെട്ടിച്ചു. ലെസ്റ്ററിന്റെ തട്ടകത്തിൽ ന‌ടന്ന മത്സരത്തിന്റെ 24-ാം മിനിട്ടിൽ ഡാക്ക ടോട്ടൻഹാമിനെതിരെ സ്കോർ ചെയ്തു. 38-ാം മിനിട്ടിൽ നായകൻ ഹാരി കേൻ തിരിച്ചടിച്ച് സമനിലയിലാക്കി.76-ാം മിനിട്ടിൽ മാഡിസൺ നേടിയ ഗോളിലൂടെ വിജയപ്രതീക്ഷയുമായി മുന്നേറിയ ലെസ്റ്ററിനെ അധികസമയത്തിന്റെ അഞ്ചാം മിനിട്ടിലും ഏഴാം മിനിട്ടിലും ബെർഗ്‌വിൻ നേടിയ ഗോളുകൾക്ക് ടോട്ടൻഹാം ഞെട്ടിക്കുകയായിരുന്നു.

Advertisement
Advertisement