ഗാർഹിക പീഡനക്കേസിൽ 23.45 ലക്ഷം നഷ്ടപരിഹാരം

Friday 21 January 2022 12:02 AM IST
ഗാർഹിക പീഡനം

മുക്കം: മുൻഭർത്താവിനും പിതാവിനുമെതിരെയുള്ള ഗാർഹിക പീഡനക്കേസിൽ ഹരജിക്കാരിയ്ക്ക് 23.45 രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. അദ്ധ്യാപികയായിരുന്ന കൊടിയത്തൂർ "മിഥിലയിൽ" സോഫിയ സമർപ്പിച്ച ഹർജിയിലാണ് താമരശ്ശേരി ജൂഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (2) വിധി.

ഭർത്താവായിരുന്ന കൊടിയത്തൂർ പൂളക്കമണ്ണിൽ മൻസൂർ അലി, പിതാവ് അഹമ്മദ് എന്നിവർ തന്നെ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും സ്വർണാഭരണങ്ങളും പണവും ദുർവിനിയോഗം ചെയ്തെന്നുമായിരുന്നു പരാതി. വിവാഹബന്ധത്തിൽ പിറന്ന കുട്ടിയ്ക്ക് ചെലവിനു നൽകാതെ ബുദ്ധിമുട്ടിച്ചതായും ഹർജിയിൽ ആരോപിച്ചിരുന്നു. അതേ സമയം, താൻ സോഫിയയെ തലാക്ക് ചൊല്ലിയതാണെന്നും പുനർവിവാഹം ചെയ്തെന്നുമായിരുന്നു മൻസൂർ അലിയുടെ വാദം.

മാസംതോറും മൻസൂർ അലി 7000 രൂപ കുട്ടിയ്ക്ക് ചെലവിനു നൽകണമെന്നും ഹർജിക്കാരിയിൽ നിന്ന് പറ്റിയ മുതലുകൾ, പണം, നഷ്ടപരിഹാരം എന്നീ വകയിൽ 23.45 ലക്ഷം രൂപ നൽകണമെന്നും വിധിക്കുകയായിരുന്നു കോടതി.

Advertisement
Advertisement