179 മദ്യവില്പനശാലകൾക്ക് അടുത്തമാസം അനുമതി

Friday 21 January 2022 12:44 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതൽ വിദേശമദ്യ ചില്ലറ വില്പനശാലകൾ തുറക്കും. ഫെബ്രുവരിയിൽ അന്തിമരൂപമാവുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണിത്. ഇപ്പോൾ 269 ഷോപ്പുണ്ട്. 179 എണ്ണം തുറക്കണമെന്നാണ് ബെവ്കോ ശുപാർശ. മദ്യവില്പനശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഒന്നേകാൽ ലക്ഷം പേർക്ക് ഒരു ഷോപ്പ് എന്നതാണ് ഇപ്പോഴത്തെ അനുപാതം. തമിഴ്‌നാട്ടിലും കർണാടകയിലും ഇത് 20,000ന് ഒന്നാണ്. 23 വെയർ ഹൗസുകളിൽ നിന്നാണ് ബാറുകൾക്കും ചില്ലറവില്പന ശാലകൾക്കും മദ്യവിതരണം.17 വെയർഹൗസ് ഗോഡൗണുകൾ കൂടി തുടങ്ങാൻ ടെണ്ടർ നടപടിയായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോന്നുമാണ് കൂട്ടുക.

 മദ്യക്കുപ്പിയിൽ ക്യൂ.ആർ കോഡ്

അടുത്തമാസം മുതൽ മദ്യക്കുപ്പികളിൽ ഹോളോഗ്രാമിന് പകരം ക്യൂ.ആർ കോഡ് പതിക്കും. കമ്പനിയിൽ നിന്നുതന്നെ പതിക്കും. ഗുണനിലവാരം ഉറപ്പാക്കുന്നതിന് പുറമെ ബെവ്കോയ്ക്ക് സാമ്പത്തിക നേട്ടവും ഉണ്ടാവും. നിലവിൽ വെയർഹൗസുകളിലെത്തുന്ന മദ്യ കെയ്സുകൾ പൊട്ടിച്ചാണ് ഓരോ ബോട്ടിലിലും ഹോളോ ഗ്രാം പതിക്കുന്നത്.ബെവ്കോ ജീവനക്കാർക്ക് പുറമെ വിവിധ വെയർഹൗസുകളിലായി 400 ദിവസ വേതനക്കാരും ഇതിനുണ്ട്. 600 രൂപയാണ് ഒരാളുടെ ദിവസ വേതനം.ഇവരെ പുതിയ ഷോപ്പുകളിലേക്ക് മാറ്റാനാവും.വെയർഹൗസുകളെയും ചില്ലറ വില്പന ശാലകളെയും ബെവ്കോ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ‌ ശൃംഖലയും അടുത്തമാസം പൂർത്തിയാക്കും.ഇതോടെ ഓരോ ദിവസത്തെയും വിറ്റുവരവും സ്റ്റോക്കും ഹെഡ് ക്വാട്ടേഴ്സിൽ അറിയാനാവും.

`മദ്യവില്പനശാലകളുടെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. തിക്കും തിരക്കും അവസാനിപ്പിക്കാനും കഴിയും".

- ശ്യാംസുന്ദർ,

എം.ഡി, ബിവറേജസ് കോർപ്പറേഷൻ