കരുവന്നൂർ ബാങ്കിനായി കൺസോർഷ്യം: എതിർത്ത് വി.ഡി. സതീശൻ

Friday 21 January 2022 12:02 AM IST

₹സഹകരണ മന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: 350 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിനെ രക്ഷിക്കാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് ജില്ലയിലെ സംഘങ്ങളിൽ നിന്നും പണം സമാഹരിക്കണമെന്ന സഹകരണവകുപ്പിന്റെ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രി വി.എൻ. വാസന് കത്ത് നൽകി.

കാറ്റഗറിക്കനുസരിച്ച് 50 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നല്കണമെന്നാണ് ജില്ലയിലെ സഹകരണ ജോയിന്റ് രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർമാർ മുഖേന സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പു മൂലം പ്രതിസന്ധിയിലായ 17 സഹകരണ സംഘങ്ങളും ബാങ്കുകളുമുണ്ട്. തൃശ്ശൂർ ജില്ലയിലെ പുത്തുർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ 49 കോടി രുപ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സഹകരണ ബാങ്കിന്റെ കാര്യത്തിൽ മാത്രം പ്രത്യേക കൺസോർഷ്യം രൂപീകരിക്കുതിനുള്ള നീക്കം ദുരുപദിഷ്ടമാണ്. പണം നഷ്ടപ്പെട്ട സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളിലേയും നിക്ഷേപകർക്ക് സമ്പാദ്യം തിരികെ ലഭിക്കുന്നതിനുള്ള നിയമ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും കത്തിൽ പറഞ്ഞു.