നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പ്

Friday 21 January 2022 12:47 AM IST

കൊല്ലം: കൊവിഡ് വ്യാപനം തീവ്രമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനൊപ്പം സുരക്ഷാ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമാണെന്ന് കഴിഞ്ഞ ദിവസം മന്ത്റി വീണാ ജോർജ് പറഞ്ഞിരുന്നു.

ഒന്നും രണ്ടും തരംഗത്തിൽ നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഡെൽ​റ്റയേക്കാൾ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. ഡെൽ​റ്റാ വകഭേദത്തിനേക്കാൾ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടരുത്. കൊവിഡിനെയും ഒമിക്രോണിനെയും പ​റ്റി തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

കൊവിഡ് കരുതൽ കൈവിടരുത്

1. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ വീടുകളിൽ തന്നെ കഴിയണം

2. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം

3. എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ആണ് ധരിക്കേണ്ടത്
4. സ്ഥാപനങ്ങൾ ക്ലസ്​റ്ററുകളാകാതിരിക്കാൻ ശ്രദ്ധിക്കണം

5. ആശുപത്രി സന്ദർശനം കുറയ്ക്കണം, ഇ സഞ്ജീവനി സേവനങ്ങൾ ഉപയോഗിക്കണം.

മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്

1. ആശുപത്രികളിൽ ഓക്‌സിജനും മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കി

2. ഐ.സി.യു കിടക്കകൾ, വെന്റിലേ​റ്റർ, ഓക്‌സിജൻ കിടക്കകൾ എന്നിവ സജ്ജമാക്കി

3. ലിക്വിഡ് ഓക്‌സിജൻ സംഭരണ ശേഷി വർദ്ധിപ്പിച്ചു

4. മരുന്നുകളായ റെംഡെസിവർ, ടോസിലിസാമാബ് എന്നിവയും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോ​റ്റെറിസിനും നിലവിൽ അവശ്യാനുസരണമുണ്ട്

5. കൊവിഡ് ചികിത്സക്കുള്ള മോണോകോണൽ ആന്റിബോഡിയും കെ.എം.എസ്.സി.എൽ മുഖേന സംഭരിച്ചു

6. പി.പി.ഇ കി​റ്റ്, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കി
7. മറ്റ് അവശ്യമരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ജീവിത ശൈലി മരുന്നുകൾ തുടങ്ങിയവ ഉറപ്പാക്കി

8. പേവിഷ പ്രതിരോധ വാക്‌സിനും ക്ഷാമമില്ല

നടത്ത പരിശോധന

ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് അപായസൂചനകൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം. ദിവസവും 6 മിനി​റ്റ് നടത്ത പരിശോധന നടത്തണം. അപായ സൂചന കാണുകയോ അല്ലെങ്കിൽ വിശ്രമിക്കുമ്പോൾ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവോ അല്ലെങ്കിൽ 6 മിനി​റ്റ് നടന്നതിന് ശേഷം ഓക്‌സിജന്റെ അളവ് ബേസ് ലൈനിൽ നിന്ന് 3 ശതമാനത്തിൽ കുറവോ ആണെങ്കിൽ ദിശയുമായോ ആരോഗ്യപ്രവർത്തരുമായോ ബന്ധപ്പെടണം.

ദിശ ടോൾ ഫ്രീ നമ്പർ: 104, 1056

പൊതുപരിപാടികൾക്ക് നിരോധനം

കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി. മൂന്ന് ദിവസത്തെ ശരാശരി ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് 32.42 ശതമാനം ആയതിനെ തുടർന്നാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്.

''

കൊവിഡ് മാനദണ്ഡം പാലിക്കാതെ വ്യാപനത്തിന് ഉത്തരവാദികളാകുന്നവർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും ദുരന്ത നിവാരണ നിയമം, പകർച്ച വ്യാധി നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കും.

അഫ്‌സാന പർവീൺ, ജില്ലാ കളക്ടർ

Advertisement
Advertisement