സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസിൽ കുടുംബശ്രീ അംഗങ്ങളും

Friday 21 January 2022 1:25 AM IST

 രൂപരേഖയുണ്ടാക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം

തിരുവനന്തപുരം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ രംഗത്തിറക്കാൻ പൊലീസ്. വിവരങ്ങൾ ശേഖരിക്കാനും അത് പൊലീസിനെ അറിയിക്കാനും സ്റ്റേഷൻ തലത്തിൽ സ്ത്രീ കർമ്മസേന എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ നിയോഗിക്കാനാണ് നീക്കം. നിയമസഭാ സമിതിക്കു മുന്നിൽ ഡി.ജി.പി അവതരിപ്പിച്ച ആശയം സഭാസമിതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിശദമായ രൂപരേഖയുണ്ടാക്കാൻ ഡി.ജി.പിയോട് ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. ഫയർഫോഴ്സിനെ സഹായിക്കാനുള്ള സന്നദ്ധസേന, ട്രാഫിക് നിയന്ത്രണത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും പൊലീസിനെ സഹായിക്കുന്ന സ്റ്റുഡന്റ് പൊലീസ് എന്നിവയുടെ മാതൃകയിലാവും സ്ത്രീ കർമ്മസേന. മികച്ച വിദ്യാഭ്യാസമുള്ളവരെ തിരഞ്ഞെടുത്ത് യൂണിഫോമും പരിശീലനവും നൽകും. പൊലീസ് യൂണിഫോമല്ല, പകരം വസ്ത്രത്തിനു മുകളിൽ ധരിക്കാനുള്ള കാക്കി ജാക്കറ്റാണ് പരിഗണനയിൽ. ആഴ്ചയിൽ മൂന്നുദിവസം ഇവർ സ്റ്റേഷനുകളിലുണ്ടാവണം. ഇവർക്കുള്ള പ്രതിഫലം നിശ്ചയിക്കാനും ഡി.ജി.പിയോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്ക് പിങ്ക് പൊലീസിൽ നിരവധി പദ്ധതികളുണ്ടെങ്കിലും ഒന്നും ഫലംകാണുന്നില്ലെന്ന വിമർശനം ഉയരുമ്പോഴാണ് പുതിയൊരു പദ്ധതി കൂടി വരുന്നത്. ഗാർഹികപീഡനം തടയാൻ മിസ്ഡ് കോളടിച്ചാൽ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നും ആഴ്ചയിലൊരിക്കൽ വനിതാ പൊലീസുകാർ വീട്ടിലെത്തി ഗാർഹിക പീഡനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും നടപ്പായില്ല. പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം എന്നിങ്ങനെ പദ്ധതികളേറെയുണ്ടെങ്കിലും സ്ത്രീസുരക്ഷ അകലെയാണ്.

Advertisement
Advertisement