ബൈക്കിൽ നിന്ന് പെൺകുട്ടി വീണതിനെ തുടർന്ന് വിദ്യാർത്ഥിക്ക് മർദ്ദനം : ഒരാൾക്ക് ജാമ്യം

Friday 21 January 2022 2:08 AM IST

തൃശൂർ: ബൈക്കിന്റെ പിൻസീറ്റിലിരുന്ന പെൺകുട്ടി വീണതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും,​ ബൈക്കോടിച്ച വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അറസ്റ്റിലായ ഒരാളെ ജാമ്യത്തിൽ വിട്ടു.

അഞ്ചേരി തിരുത്തൂർ സ്വദേശി ആന്റോയെയാണ് വിട്ടയച്ചത്. അടിപിടി കേസാണ് ഒല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുളളത്. ബൈക്കോടിച്ച ചിയ്യാരം ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അമലിന്റെ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ ഇടപെടലാണ് നാട്ടുകാരുമായി നടന്ന തർക്കത്തിലും അടിപിടിയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അമലിന്റെ പരാതിപ്രകാരം നാല് പേർക്കെതിരെയാണ് കേസ്. ഇവരിൽ ഡേവിസ് എന്നയാളെ മർദ്ദിച്ചതിന് അമലിന്റെ പേരിലും സമാനകേസാണ് എടുത്തിട്ടുള്ളത്.
നാട്ടുകാരിൽ ഒരാളെ പിന്നോട്ട് തള്ളി നീക്കി അമലാണ് ആദ്യം അടിച്ചു വീഴ്ത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇത് സി.സി.ടി.വി ദൃശ്യങ്ങളിലുമുണ്ട്. ജോക്കറിന്റെ വേഷം കെട്ടി ബൈക്കിൽ പൂയ്യാഘോഷത്തിന് പോയ അമൽ മടങ്ങിവന്നാണ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കുരിയച്ചിറയിലേക്ക് പോയത്. റോഡിന്റെ വശം മാറിയാണ് വാഹനം ഓടിച്ചു തുടങ്ങിയത്. ഇതിനിടെ വാഹനത്തിന്റെ മുൻഭാഗം ഉയർത്തി ഓടിക്കുമ്പോഴാണ് പിന്നിലിരുന്ന പെൺകുട്ടി റോഡിലേക്ക് വീണത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇരുചക്രവാഹനവുമായി വിദ്യാർത്ഥികൾ മുമ്പും അഭ്യാസപ്രകടനങ്ങൾ ഇവിടെ നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. പരിക്കേറ്റ അമലും സഹപാഠിയായ പെൺകുട്ടിയും ആശുപത്രി വിട്ടു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Advertisement
Advertisement