നിയന്ത്രണങ്ങൾ പിൻവലിച്ചത് സമ്മർദത്തിന് വഴങ്ങിയല്ല, സർക്കാരിന്റെ പുതിയ തീരുമാനത്തോട് യോജിക്കുന്നു: കാസർകോട് കളക്ടർ

Friday 21 January 2022 10:44 AM IST

കാസർകോട്: ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചത് പുതിയ മാർഗനിർദേശങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണെന്ന വിശദീകരണവുമായി കാസർകോട് ജില്ലാ കളക്ടർ. നേരത്തെ നിലവിൽ ഉണ്ടായിരുന്ന മാർഗ നി‌ർദേശം അനുസരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ പുതിയ മാർഗ നിർദേശം പുറത്ത് വന്നപ്പോൾ ആ തീരുമാനം റദ്ദാക്കുകയായിരുന്നുവെന്ന് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ടി പി ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാർ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്നും കളക്ടർ വ്യക്തമാക്കി. ലോക്ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? എന്നും കളക്ടർ ചോദിച്ചു.

കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം രണ്ടു മണിക്കൂറിന് ശേഷം കളക്ടർ പിൻവലിച്ചത് ഏറെ വിവാദമായിരുന്നു. ഇന്ന് സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സർക്കാർ സമ്മർദം കാരണം നിയന്ത്രണം റദ്ദാക്കിയെന്നായിരുന്നു പ്രധാന ആരോപണം.